Skip to main content

മൊബൈല്‍ ആപ്പുമായി അടിമാലി ഗ്രാമപഞ്ചായത്ത്   വിളിക്കൂ; ജോലിക്ക് ആള്‍ അരികിലെത്തും

തദ്ദേശിയരായ ആളുകള്‍ക്ക് വിവിധ തൊഴിലുകള്‍ ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങളൊരുക്കി  അടിമാലി ഗ്രാമപഞ്ചായത്ത് .മണ്‍പണി, കൃഷിപ്പണി തുടങ്ങി ജനങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ വിഭാഗം തൊഴിലാളുകളുടെയും തൊഴില്‍ വിവരങ്ങള്‍ ശേഖരിച്ച് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കും. ആവശ്യക്കാര്‍ക്ക് അവരുടെ മേഖലയില്‍ പരിശീലനവും നല്‍കും. ഒന്നോ രണ്ടോ മണിക്കൂര്‍ ജോലിചെയ്യാന്‍ തയ്യാറുള്ളവരുടെ മുതല്‍ പീസ് വര്‍ക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള തൊഴിലാളികളുടെയും വിവരങ്ങള്‍ ലഭ്യമാക്കും.  ഏതെങ്കിലും മെഷീന്‍, യന്ത്രം, കയ്യിലുള്ളവര്‍ക്കും അപേക്ഷിക്കാം .മണ്‍പണി, കൃഷിപ്പണി, മേസ്തിരി, മൈക്കാട്, മരപ്പണി, പോളിഷിംഗ്, തെങ്ങ് കയറ്റം, മരംവെട്ടല്‍, കാട് വെട്ടല്‍, വിറക് വെട്ട്, കിണര്‍ പണികള്‍, വീട്ടു ജോലി, ക്ലീനിംഗ് ജോലി,  തൂപ്പുജോലി, പ്ലംബിംഗ്, ഇലക്ട്രീഷ്യന്‍, പെയിന്റിംഗ് തുടങ്ങി ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തും. ആവശ്യക്കാര്‍ക്ക് മൊബൈല്‍ ആപ്പിലൂടെ  തൊഴിലാളിയെ കണ്ടെത്തി ആപ്പിലൂടെ തന്നെ കോള്‍ ചെയ്യാം. ആപ്ലിക്കേഷനിലേക്ക് വിവരങ്ങള്‍ ചേര്‍ക്കാനാഗ്രഹിക്കുന്ന തൊഴിലാളിക്ക് മെയ് 30വരെ പഞ്ചായത്തിലോ അംഗങ്ങളുടെ കയ്യിലോ നിശ്ചിത അപേക്ഷ പൂരിപ്പിച്ച് നല്‍കാം. അപേക്ഷാഫോറങ്ങള്‍ ഓഫീസില്‍ നിന്നും പഞ്ചായത്ത് അംഗങ്ങളുടെ കയ്യില്‍ നിന്നും ലഭിക്കും. കൂടാതെ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം.
ഡോക്ടര്‍മാര്‍, ആശുപത്രികള്‍, ക്ലിനിക്കല്‍ ലാബുകള്‍, ആംബുലന്‍സ്, ഭക്ഷണശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓട്ടോമൊബൈല്‍സ്, ആരാധനാലയങ്ങല്‍ , വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവയുടെ ഫോണ്‍ നമ്പറുകളും മൊബൈല്‍ ആപ്പിലൂടെ ലഭ്യമാകും. പഞ്ചായത്തിന്റെ ചരിത്രം, പൊതുവിവരങ്ങള്‍, വാര്‍ത്തകള്‍, അറിയിപ്പുകള്‍, വികസന പദ്ധതികള്‍, ജനനമരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, അറിയിപ്പുകള്‍ മുതലായവയും ലഭിക്കും. മൊബൈല്‍ ഫോണിലെ പ്ലേസ്റ്റോറില്‍ നിന്നും അടിമാലി ഗ്രാമപഞ്ചായത്ത് എന്ന് ടൈപ്പ് ചെയ്ത് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് പ്രസിഡന്റ് ദീപ രാജീവ് , സെക്രട്ടറി കെ.എന്‍ സഹജന്‍ എന്നിവര്‍ അറിയിച്ചു.

date