Skip to main content

അലങ്കാര മത്സ്യങ്ങള്‍ വാങ്ങുന്നത് കരുതിയ കുഞ്ഞുസമ്പാദ്യം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അദ്വൈത്

കൊറോണ രോഗത്തെപ്പറ്റിയോ കോവിഡ് വ്യാപനത്തെപ്പറ്റിയോ പന്ത്രണ്ടുകാരനായ അദ്വൈതിന് വലിയ പിടിയില്ല, പക്ഷെ, രോഗാണു കാരണമുണ്ടായ വലിയ പ്രതിസന്ധിയില്‍ അദ്വൈതിന്റെ മനസും വേദനിച്ചു. സര്‍ക്കാരും ജനങ്ങളും സാമ്പത്തിക പ്രയാസങ്ങളില്‍ ഉഴലുമ്പോള്‍, അലങ്കാര മത്സ്യങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ള തന്റെ ആഗ്രഹങ്ങള്‍ അദ്വൈത് ഉപേക്ഷിച്ചു. അങ്ങനെയാണ് സ്വരുക്കൂട്ടിവച്ച തന്റെ കുഞ്ഞു സമ്പാദ്യത്തിന്റെ കുടുക്ക പൊട്ടിക്കാന്‍ അച്ഛനോടും അമ്മയോടും അദ്വൈത് ആവശ്യപ്പെട്ടത്. 

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന അദ്വൈത് എസ് പ്രമോദ് (12) തന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റായി ജോലി നോക്കുന്ന അമ്മ ഷിബ്ജിയും അച്ഛന്‍ പ്രമോദും ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും  മകന് ഒപ്പം നിന്നു. കുടുക്ക പൊട്ടിച്ചപ്പോള്‍ ലഭിച്ച സമ്പാദ്യ തുകയായ 2830 രൂപ ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന് അദ്ദേഹത്തിന്റെ ചേമ്പറില്‍ കൈമാറുമ്പോള്‍ അദ്വൈതിന്റെ മനസ് സന്തോഷത്താല്‍ നിറഞ്ഞു. സഹജീവികളെ സേവിക്കാനുള്ള മഹാമനസ്‌കതയെ ജില്ലാ പോലീസ് മേധാവി വാനോളം പുകഴ്ത്തുമ്പോള്‍ അദ്വൈതിന്റെ മാത്രമല്ല മാതാപിതാക്കളുടെയും മനം നിറഞ്ഞു. ഇങ്ങനൊരു മകന്‍ ഭാഗ്യമാണെന്ന ജില്ലാ പോലീസ് മേധാവിയുടെ വാക്കുകള്‍ അവരെ ധന്യരാക്കി. 

 

date