Skip to main content

യുപിയിലേക്കുളള വണ്ടി മെയ് 8 ന്, 9 ന് ഒഡീഷയിലേക്കും പ്രവാസികളെ സ്വീകരിക്കാൻ ജില്ല ഒരുങ്ങി: ജില്ലാ കളക്ടർ എസ് ഷാനവാസ്

സംസ്ഥാനത്ത് പുറത്ത് കഴിയുന്ന മലയാളികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ അവരെ നിരീക്ഷണത്തിലാക്കാനുളള മുഴുവൻ ഒരുക്കങ്ങളും ജില്ലയിൽ പൂർത്തീകരിച്ചതായി ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളിൽ നിന്നുളള അപേക്ഷകളിന്മേൽ ഇത് വരെ 260 പാസുകൾ നൽകി കഴിഞ്ഞു. 2800 പാസുകൾക്കുളള അപേക്ഷകൾ പരിശോധിച്ച് വരികയാണ്. ഒരു ദിവസം 500 എന്ന തോതിലാണ് പാസ് അനുവദിക്കുക. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചു. ഇങ്ങനെ വരുന്ന വരെ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കും. വിദേശരാജ്യങ്ങളിൽ നിന്നുളള മലയാളികൾ വരുന്ന ആഴ്ച മുതൽ എത്തുമെന്നാണ് ധാരണ. 47500 പേരാണ് ഇത് വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 15 ഫ്‌ളൈറ്റുകളാണ് ഇവർക്കായി ഒരുക്കിയത്. ആദ്യആഴ്ച 3800 പേരാവും കേരളത്തിലെത്തുക. ഇതിൽ 500 പേർ തൃശൂരിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഇത്തരക്കാരെ നിരീക്ഷണത്തിലാക്കുന്നതിന് വിവിധയിടങ്ങളിലായി മുറികൾ ഒരുങ്ങി കഴിഞ്ഞു. ഓരോ കെട്ടിടത്തിനും ചുമതലക്കാരാനായ ഒരു ഓഫീസർ, ഒരു മെഡിക്കൽ ഓഫീസർ, വളണ്ടിയർമാർ, ആയൂർവേദ ഡോക്ടർമാരുടെ സംഘം എന്നിവരെ ചുമതലപ്പെടുത്തി. അതത് തഹസിൽദാർമാർക്കാണ് കമാണ്ടിംഗ് ഓഫീസറുടെ ചുമതല. പ്രവാസി മലയാളികളുടെ വരവ് ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം പ്രവർത്തനനിരതമാണ്.
ഡോമസ്റ്റിക് പാസ്സുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ ജില്ലാ കളക്ടറേറ്റിൽ പ്രത്യേകമായി ഫോൺ നമ്പറുകൾ ഏർപ്പെടുത്തി. 8089724206, 8592081947 എന്നീ നമ്പറുകളിൽ നിന്ന് വിവരങ്ങൾ ലഭിക്കും.
ജില്ലയിലെത്തുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിലാവും സംവിധാനങ്ങൾ പ്രവർത്തിക്കുക.
ട്രെയിൻമാർഗ്ഗം ജില്ലയിലെത്തുന്നവർക്കായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. പോക്കും വരവും പ്രത്യേക വഴികളിലൂടെ പരിമിതപ്പെടുത്തുമെന്നും പ്രത്യേക ആരോഗ്യ പരിശോധന സൗകര്യം വിശ്രമസൗകര്യം എന്നിവ ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു.
ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് തിരിച്ച് പോകാനുളള സൗകര്യങ്ങളും ഏർപ്പെടുത്തി. മെയ് 8 ന് ഉത്തർപ്രദേശിലേക്കും 9 ന് ഒറീസയിലേക്കും തൃശൂരിൽ നിന്നും തീവണ്ടികൾ പുറപ്പെടും. ഉത്തർപ്രദേശിലേക്കുളള വണ്ടിയിൽ 600 പേർക്കാവും പ്രവേശനം. ബംഗാൾ സർക്കാരുമായി തുടരുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ബംഗാളിലേക്കും വണ്ടി ഏർപ്പെടുത്തും. ആരോഗ്യ പരിശോധന മറ്റ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാവും അതിഥി തൊഴിലാളികളെ തിരിച്ചയ്ക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് വ്യക്തമാക്കി.

date