മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം വക 5 കോടി രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് വക 5 കോടി രൂപ സംഭാവന നൽകി. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലെത്തി ജില്ലാ കളക്ടർ എസ് ഷാനവാസിന് ചെക്ക് കൈമാറി. ഗുരുവായൂർ ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപത്തിന്റെയും സ്വർണ്ണ നിക്ഷേപത്തിന്റെയും ഒരു മാസത്തെ പലിശ വരുമാനത്തിന്റെ പകുതിയാണ് നൽകിയതെന്ന് അഡ്വ. കെ ബി മോഹൻദാസ് പറഞ്ഞു. സ്ഥിരനിക്ഷേപം പിൻവലിച്ചാണ് ദുരിതാശ്വാസനിധിക്ക് നൽകിയതെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രത്തിൽ നിത്യവരുമാനം കുറഞ്ഞെങ്കിലും ദേവസ്വത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിച്ചിട്ടില്ല. നിത്യചെലവുകൾക്കും ജീവനക്കാരുടെ ശമ്പളം നൽകാനും സ്ഥിരനിക്ഷേപത്തിന്റെ പലിശവരുമാനം മതിയാകും. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ദുരിതാശ്വാസനിധിയിലേക്ക് പണം നൽകുന്നത് ഇതിന് മുമ്പേ പ്രളയസമയത്തും 5 കോടി രൂപ നൽകിയിരുന്നു. ദേവസ്വം കമ്മീഷണറുടെ അനുവാദത്തോടെ നിയമപരമായാണ് പണം നൽകിയതെന്നും ദേവസ്വം ചെയർമാൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ വഴിപാടിനുളള സൗകര്യങ്ങൾ ഏർപ്പെടുത്താനുളള ഒരുക്കങ്ങൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
- Log in to post comments