Skip to main content

പെഡൽ ഓപ്പറേറ്റഡ് ഹാൻഡ് സാനിറ്റൈസറുമായി ഗവൺമെന്റ് എൻജിനീയറിങ് കോളേജ്

കോവിഡ് 19 പ്രതിരോധത്തിന് എയറോസോൾ ബോക്‌സ്, വിസ്‌ക്, സാനിറ്റൈസർ കുഞ്ഞപ്പൻ എന്നിവയ്ക്ക് പുറമെ പെഡൽ ഓപ്പറേറ്റഡ് ഹാൻഡ് സാനിറ്റൈസർ ഡിസ്‌പെൻസറുമായി തൃശൂർ ഗവ ഗവൺമെന്റ് എൻജിനീറിങ് കോളേജ്. കാലുകൊണ്ട് ചവിട്ടി കയ്യിൽ സാനിറ്റൈസർ എടുക്കാവുന്ന എടുക്കാവുന്ന രീതിയിലാണ് ഈ ഉപകരണം രൂപകല്പന ചെയ്തിരിക്കുന്നത്. ഇങ്ങനെ 10 ഹാൻഡ് സാനിറ്റൈസർ ഡിസ്‌പെൻസറുകളാണ് മുളംകുന്നത്തുകാവ് ഗവൺമെന്റ് ദന്തൽ കോളേജിൽ സ്ഥാപിച്ചത്. മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരുടെ അസോസിയേഷന്റെ പ്രത്യേക ആവശ്യപ്രകാരമാണ് വളരെ കുറഞ്ഞ ചിലവിൽ ഈ ഉപകരണം ഗവൺമെന്റ് എൻജിനീയറിങ് കോളേജ് രൂപകൽപ്പന ചെയ്തത്. ചുമരുകളിൽ സ്ഥാപിക്കുന്ന ഡിസ്‌പെൻസറുകൾ ഗവൺമെന്റ് ദന്തൽ കോളേജിൽ വിവിധഭാഗങ്ങളിലായി സ്ഥാപിച്ചു. ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ ഫാബ് ലാബ് വകുപ്പാണ് ഇത് നിർമ്മിച്ചത്. കെ ജി ഒ എ യുടെ സഹകരണത്തോടെയായിരുന്നു നിർമ്മാണം. പ്രൊഡക്ഷൻ എൻജിനീയറിങ് വിദ്യാർഥികളായ സൗരവ് പി എസ്, പ്രണവ് ബാലചന്ദ്രൻ, മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ അശ്വിൻ കുമാർ, ചെറിയാൻ ഫ്രാൻസിസ് എന്നിവർ കോളേജിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ അജയൻ ജെയിംസിന്റെ കീഴിലാണ് ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തത്. ഇതേ ടീം തന്നെയാണ് മെഡിക്കൽ കോളേജിന് എയറോസോൾ ബോക്‌സുകളും കോവിഡ് വിസ്‌കുകളും സാനിറ്റൈസർ കുഞ്ഞപ്പനെയും സമ്മാനിച്ചത്.
പെഡൽ ഓപ്പറേറ്റഡ് ഹാൻഡ് സാനിറ്റൈസർ ഉദ്ഘാടന ചടങ്ങിൽ ഗവൺമെന്റ് ഡെൻറൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോളി മേരി വർഗീസ്, കെജിഒഎ പ്രസിഡൻറ് ഡോക്ടർ നിഷ എം ദാസ്, സെക്രട്ടറി ഡോക്ടർ രൺദീപ്, ഹൗസ് സർജൻസ് അസോസിയേഷൻ മെമ്പർമാരായ ഡോക്ടർ അശ്വന്ത് അജയ്, ഡോക്ടർ തോമസ് നിക്‌സൺ തുടങ്ങിയവർ പങ്കെടുത്തു.

date