ടിപ്പര്‍ ലോറികളുടെ അമിതവേഗവും മത്സര ഓട്ടവും നിയന്ത്രിക്കാന്‍ കര്‍ശന നടപടി വളവില്‍ വീതികൂട്ടി അപകടാവസ്ഥ പരിഹരിക്കാന്‍ ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശം നല്കി
അട്ടച്ചാക്കല്‍ വഞ്ചിപ്പടിയിലെ അപകട വളവില്‍ കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയും, ജനപ്രതിനിധികളും, പൊതുമരാമത്ത്, പോലീസ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. അപകടത്തില്‍പെട്ട് യുവാവ് മരിക്കുകയും മറ്റു നിരവധി അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
വളവില്‍ വീതി കൂട്ടാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്കി. ഉടന്‍ അതിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കണം. വളവിനു സമീപത്തുള്ള പാലം വീതി കൂട്ടിയെങ്കിലും ഉയര്‍ന്ന് നില്‍ക്കുന്നത് അപകടാവസ്ഥയ്ക്ക് കാരണമാകുന്നു. ഇവിടെ കോണ്‍ക്രീറ്റ് ചെയ്ത് റോഡ് ലെവലാക്കും. കാഴ്ചയ്ക്ക് തടസമായ മരങ്ങള്‍ കോതുകയോ, മുറിക്കുകയോ ചെയ്യും. വളവു കഴിഞ്ഞുള്ള കയറ്റത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അപകടകരമായ കുഴികള്‍ നികത്തും.
പൊതുമരാമത്ത് വകുപ്പിന്റെ പണികള്‍ നടക്കുന്നതു വരെ വാഹനങ്ങള്‍ വേഗത കുറച്ച് പോകുന്നതിന് ബാരിക്കേഡ് ഉപയോഗിച്ച് സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാന്‍ എംഎല്‍എ പോലീസിന് നിര്‍ദേശം നല്കി. കോന്നി - വെട്ടൂര്‍ റോഡ് ബി.എം.ആന്‍ഡ് ബിസി ആക്കിയപ്പോഴുള്ള അശാസ്ത്രീയത പൊതുമരാമത്ത് വകുപ്പ് പരിശോധിക്കാനും എംഎല്‍എ നിര്‍ദേശം നല്കി.
ടിപ്പര്‍ ലോറികളുടെ അമിതവേഗവും, മത്സര ഓട്ടവും നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. ഇതിനായി ജനപ്രതിനിധികളുടെയും, പോലീസിന്റെയും യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി.ബിനു, പോലീസ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍, സിപിഐ (എം)ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജിജോ മോഡി, ചെങ്ങറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ.വിജയന് തുടങ്ങിയവര്‍ എംഎല്‍എയ്ക്കൊപ്പം ഉണ്ടായിരുന്നു.
- Log in to post comments