കോവിഡ് 19: നാട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ക്കായി നിരീക്ഷണ സംവിധാനമൊരുക്കി ജില്ല -4678 ഐസൊലേഷന്‍ മുറികള്‍ സജ്ജം
ആലപ്പുഴ: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് നിരീക്ഷണ സംവിധാനം ഒരുക്കി ജില്ല ഭരണകൂടം. ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ പ്രദേശങ്ങളില്‍ നിന്ന് വരുന്നവരെ നേരിട്ട് കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കും. മറ്റ് സോണുകളില്‍ നിന്ന് വരുന്ന, വീടുകളില്‍ ഐസൊലേഷന്‍ സൗകര്യമുള്ളവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ സ്വന്തം വീടുകളില്‍ ഐസൊലേഷനില്‍ കഴിയാം. വീടുകളില്‍ ഐസൊലേഷന്‍ സൗകര്യമില്ലാത്തവരേയും കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് പൊതു സമ്പര്‍ക്കം ഒഴിവാക്കി കഴിയുന്നതിന് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 291 കോവിഡ് കെയര്‍ സെന്ററുകളിലായി 4678 ഐസൊലേഷന്‍ മുറികള്‍ സജ്ജമായി.
പൊതുസമ്പര്‍ക്കമില്ലാതെ കഴിയേണ്ടത് കൊണ്ട് അറ്റാച്ച്ഡ് ബാത്തറൂമുകളുള്ള മുറികളാണ് ഓരോരുത്തര്‍ക്കും നല്‍കുക. നിലവില്‍ ഹൊംക്വാറന്റൈനില്‍ കഴിയുന്നതെന്ന പോലെ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടേയും ആരോഗ്യ നില പ്രതിദിനം വിലയിരുത്തും. രോഗലക്ഷണുണ്ടെങ്കില്‍ ആശുപത്രി ഐസൊലേഷനില്‍ വിടും. ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ലോഡ്ജുകള്‍, ഹോസ്റ്റലുകള്‍ എന്നിവയാണ് കോവിഡ് കെയര്‍ സെന്ററുകളാക്കാനായി തെരഞ്ഞെടുത്തിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ജില്ലയില്‍ സജ്ജീകരിക്കും. സംസ്ഥാന അതിര്‍ത്തി തുറന്നതിന് ശേഷം 262 പേരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തിയിട്ടുള്ളത്. ജില്ലയില്‍ നിന്നുള്ള 74984 പേര്‍ വിദേശത്തും 22827 പേര്‍ ഇതര സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നുണ്ട്.
ജില്ലാ പോലീസ് മേധാവി, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), തഹസീല്‍ദാര്‍മാര്‍ /ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, (പൊതുമരാമത്ത് കെട്ടിട വിഭാഗം), തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, ജില്ലാ ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസ്, ജില്ലാ കോ- ഓര്‍ഡിനേറ്റര്‍, (ശുചിത്വമിഷന്‍, ഹരിതകേരള മിഷന്‍) എന്നിവര്‍ക്കാണ് കോവിഡ് കെയര്‍ സെന്ററുകളുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.
കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കേണ്ടവരുടെ വിവരം അതത് താലൂക്ക് തഹസീല്‍ദാര്‍മാരെയും ജില്ലാ ഭരണകൂടത്തേയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിക്കണം. കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നവരുടെ ആരോഗ്യ പരിശോധന, നിരീക്ഷണത്തിനുള്ള സ്ഥിരം സംവിധാനം എന്നിവ സജ്ജീകരിക്കണം. ആശുപത്രികളിലേയ്ക്ക് മാറ്റേണ്ടവര്‍ക്ക് ആവശ്യമായ ആംബുലന്‍സ് സൗകര്യം ഉറപ്പാക്കേണ്ടതും ജില്ല മെഡിക്കല്‍ ഓഫീസറുടെ ചുമതലയാണ്. ആരോഗ്യ വകുപ്പില്‍ നിന്നും ജില്ല ഭരണകൂടത്തില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുന്നതനുസരിച്ച് കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കേണ്ട ചുമതല തഹസീല്‍ദാര്‍മാര്‍ക്കാണ്. സെന്ററുകളില്‍ ആവശ്യമായ പോലീസ്, ഹെല്‍ത്ത്, നിരീക്ഷണ സൗകര്യങ്ങള്‍ ഒരുക്കണം. കോവിഡ ്കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പടെ ആവശ്യമായ എല്ലാ അടിസ്ഥാനസൌകര്യങ്ങളും ഉറപ്പാക്കേണ്ടതും തഹസീല്‍ദാരുടെ ചുമതലയാണ്. കോവിഡ് കെയര്‍ സെന്ററുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കാനായി എക്സിക്യൂട്ടീവ് എന്‍ജിനീയറെ (പൊതുമരാമത്ത് കെട്ടിട വിഭാഗം) ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്ക് ആവശ്യമായ പോലീസ് നിരീക്ഷണം ജില്ല പോലീസ് മേധാവി ഏര്‍പ്പെടുത്തും.
കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കുന്നതിനാവശ്യമായ സഹായം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ നല്‍കണമെന്നും ജില്ല കളക്ടര്‍ ഉത്തരവിട്ടു. ഇവിടെയുള്ളവര്‍ക്കാവശ്യമായ ഭക്ഷണം നല്‍കേണ്ടതും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. മാലിന്യസംസ്‌ക്കരണവും ശുചീകരണവും ഇവര്‍ നടത്തണം. ശുചിത്വ മിഷനും ഹരിത കേരളം മിഷനും മാലിന്യ സംസ്‌ക്കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം പ്രവര്‍ത്തിക്കും.
കോവിഡ് കെയര്‍ സെന്ററുകളില്‍ ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ജില്ല ഫയര്‍ & റെസ്‌ക്യൂ വിഭാഗം ഉറപ്പു വരുത്തണം. ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടാല്‍ സാനിറ്റേഷന് വേണ്ടിയുള്ള സൗകര്യങ്ങളും ഫയര്‍ & റെസ്‌ക്യൂ വിഭാഗം ഉറപ്പ് വരുത്തും.
ബോധവത്ക്കരണം ശക്തമാക്കും:
നിരീക്ഷണ സംവിധാനത്തോടൊപ്പം തന്നെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ജില്ല ഭരണം ശക്തമാക്കിയിട്ടുണ്ട്. തീര പ്രദേശത്ത് തീവ്ര ബോധവത്ക്കരണ പരിപാടികളും നടത്തും. ക്വാറന്റൈന്‍, സാമൂഹിക അകലം, തുടങ്ങിയവയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്ക്കരണം നല്‍കും.
- Log in to post comments