തീരദേശങ്ങളില്‍ ജൈവ കവചമൊരുക്കാന്‍ ഇരുപതിനായിരം കാറ്റാടി മരങ്ങള്‍
മണ്ണൊലിപ്പും വേഗതയാര്‍ന്ന കാറ്റും തടയും
മഴക്കാലത്തിന് മുമ്പ് ജില്ലയിലെ തീരദേശങ്ങളില്‍ 20,000 കാറ്റാടി മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ സാമൂഹിക വനവല്‍ക്കരണ വിഭാഗം ഒരുങ്ങുന്നു. പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി തുടങ്ങിയ തീരമേഖലകളിലാണ് കാറ്റാടികള്‍ നട്ട് തീരദേശ ജൈവ കവചം ഒരുക്കുക. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാകും പദ്ധതി നിര്‍വഹണം.
പരപ്പനങ്ങാടി നഗരസഭ പരിധിയില്‍പ്പെടുന്ന കെട്ടുങ്ങല്‍, ന്യൂ കട്ട് മേഖലകളിലായി 3,000 കാറ്റാടി തൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കാനാണ് തീരുമാനം. മറ്റിടങ്ങളിലും സ്ഥല സൗകര്യത്തിന് അനുസരിച്ച് കാറ്റാടി തൈകള്‍ നടും. 20,000 കാറ്റാടി തൈകള്‍ക്ക് പുറമെ 4,40,000 വിവിധ വൃക്ഷ തൈകളും സാമൂഹിക വനവല്‍ക്കരണ വിഭാഗം പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവിടങ്ങളിലേക്ക് നല്‍കുമെന്ന് സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ എ.പി ഇംത്യാസ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ തൈ നടീലും പരിപാലനവും തൊഴിലുറപ്പ് തൊഴിലാളികളില്‍ കേന്ദ്രീകരിക്കാനാണ് തീരുമാനം.
കാറ്റാടി തൈകള്‍ നിലമ്പൂര്‍ റെയ്ഞ്ചിന് കീഴിലെ നഴ്സറിയിലും വിവിധ വൃക്ഷ തൈകള്‍ എടപ്പാള്‍, നിലമ്പൂര്‍, വണ്ടൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ നഴ്സറികളിലാണ് സൂക്ഷിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളിലെ മണ്ണൊലിപ്പും ശക്തമായ കാറ്റും പ്രതിരോധിയ്ക്കാനാണ് കാറ്റാടി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത്. ഓഗസ്റ്റ് മാസത്തോടെ മരങ്ങളുടെ നടീല്‍ പൂര്‍ണമാകും. തണലിനൊപ്പം നല്ല തോതില്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുമെന്നതും കാറ്റാടി മരങ്ങളുടെ പ്രത്യേകതയാണ്. ഇതിന് മുമ്പ് കൂട്ടായി പടിഞ്ഞാറെക്കര അഴിമുഖ പ്രദേശത്തും സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാറ്റാടി മരങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്.
- Log in to post comments