Skip to main content

കോവിഡ് 19: രോഗമുക്തനായ ഒരാള്‍ കൂടി ഇന്ന് വീട്ടിലേയ്ക്ക് മടങ്ങും

 

രോഗം ഭേദമായി മടങ്ങുന്നത് മാറഞ്ചേരി പരിച്ചകം സ്വദേശി അബ്ദുള്‍ ലത്തീഫ്

 

കോവിഡ് 19 സ്ഥിരീകരിച്ച ശേഷം വിദഗ്ധ ചികിത്സയിലൂടെ രോഗമുക്തി നേടിയ ഒരാള്‍ കൂടി ഇന്ന് (മെയ് 07) ആശുപത്രി വിടും. മാറഞ്ചേരി പരിച്ചകം സ്വദേശി തെക്കേക്കരയില്‍ അബിദുള്‍ ലത്തീഫ് (40) ആണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുക. മെയ് നാലിന് രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച ശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മെഡിക്കല്‍ കോളജിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ കഴിയുകയാണ് ഇയാള്‍. രാവിലെ 10 മണിയ്ക്ക് പ്രത്യേക ആംബുലന്‍സില്‍ ഇയാളെ പരിച്ചകത്തെ വീട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വീട്ടില്‍ എത്തിയ ശേഷവും പ്രത്യേക നിര്‍ദേശപ്രകാരമുള്ള സ്വയം നിരീക്ഷണം തുടരണം.

മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളിയായിരുന്ന അബ്ദുള്‍ ലത്തീഫ് കൂടെ ജോലി ചെയ്യുന്ന എടപ്പാള്‍ കാലടി സ്വദേശിക്കൊപ്പം ഏപ്രില്‍ 11 ന് ചരക്ക് ലോറിയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്താണ് കേരളത്തിലെത്തിയത്. കല്‍പ്പറ്റ വഴി ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി. കോഴിക്കോട് നിന്ന് അരി കയറ്റിവന്ന ലോറിയില്‍ യാത്ര ചെയ്ത് വൈകുന്നേരം ആറ് മണിയ്ക്ക് രാമനാട്ടുകരയിലെത്തി. അവിടെ നിന്ന് ചേളാരിയിലേക്ക് നടന്നെത്തി. രാത്രി 8.30 ന് ചേളാരിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ യാത്ര തിരിച്ച് കാലടി സ്വദേശിയെ ചമ്രവട്ടം പാലത്തിനടുത്ത് ഇറക്കി. പിന്നീട് പരിച്ചകത്തെ വീട്ടില്‍ എത്തുകയായിരുന്നു. ഏപ്രില്‍ 30 നാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കും നിരന്തരമുള്ള സാമ്പിള്‍ പരിശോധനകള്‍ക്കും ശേഷം മെയ് നാലിന്  രോഗമുക്തനായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

ഇയാള്‍ കൂടി മടങ്ങുന്നതോടെ രോഗം ഭേദമായ കാലടി സ്വദേശി മാത്രമാകും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തിലുണ്ടാവുക. 21 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തരായത്. ഇതില്‍ ഒരാള്‍ തുടര്‍ ചികിത്സയിലിരിക്കെ മരിച്ചു. 18 പേര്‍ രോഗ മുക്തരായ ശേഷം വീടുകളിലേയ്ക്ക് മടങ്ങി.
 

date