Skip to main content

വഞ്ചിവീടുകളില്‍ നിന്ന് മാലിന്യം തള്ളുന്നതിനെതിരെ നടപടി: ജില്ലാ കളക്ടര്‍

 

വഞ്ചിവീടുകളില്‍ നിന്ന് വേമ്പനാട്ടു കായലില്‍ മാലിന്യം തള്ളുന്നതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി. ഇത്തരത്തിലുണ്ടാകുന്ന മാലിന്യ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണും. ഇത് സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനും രജിസ്റ്റര്‍ ചെയ്യാതെ സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ ലിസ്റ്റ് ചെയ്യാനും ജില്ലാ കളക്ടര്‍ ഡിറ്റിപിസി സെക്രട്ടറിക്ക്  നിര്‍ദ്ദേശം നല്‍കി. ഹൗസ്‌ബോട്ട് മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കവണാറ്റിന്‍കരയിലും എച്ച് ബ്ലോക്കിലും സ്ഥാപിച്ചിട്ടുളള സംവിധാനം ഉപയോഗിക്കാതെ കായലിലേക്ക് ഒഴുക്കുന്നുണ്ടെങ്കില്‍ നടപടിയെടുക്കണം. 

റംസാര്‍ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടിട്ടുളള വേമ്പനാട്ട് കായലിന്റെ സംരക്ഷണത്തിന് സാധ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കായല്‍ പരിസരത്തുളള വീടുകളില്‍ നിന്നും കായലോരത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ നിന്നും കക്കൂസ് മാലിന്യം കായലിലേക്ക് ഒഴുക്കുന്നതായ റിപ്പോര്‍ട്ടുകളില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍            നടപടി എടുക്കണം. കായലോരത്തെ വ്യവസായശാലകളില്‍ നിന്നുളള മാലിന്യ നിര്‍മ്മാര്‍ജ്ജനവും നിരീക്ഷണവിധേയമാക്കും. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ ബോധവത്കരണക്യാമ്പുകള്‍ കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളില്‍ നടത്തും. കായല്‍ മലിനീകരണം തടയാന്‍ പഞ്ചായത്തുകള്‍, ഇറിഗേഷന്‍, ആരോഗ്യം, ടൂറിസം, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഇവയുടെ സംയുക്ത പ്രവര്‍ത്തനം ഉണ്ടാകണം. രണ്ടു ദിവസത്തിനകം അതത് വകുപ്പുകള്‍ അവയുടെ ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കുകയും മാര്‍ച്ച് 1-15 വരെയുളള കാലയളവില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും വേണം.   

വേമ്പനാട്ട് കായലില്‍ പ്ലാസ്റ്റിക് അടക്കമുളള ഖരമാലിന്യങ്ങള്‍ അടിഞ്ഞു കൂടി കായല്‍ മലീമസമാകുന്ന പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും യോഗത്തിലാണ് ഈ തീരുമാനം. യോഗത്തില്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                    (കെ.ഐ.ഒ.പി.ആര്‍-365/18)

date