Skip to main content

ഇന്നത്തെ കുവൈത്ത്, ജിദ്ദ വിമാനങ്ങളില്‍ കരിപ്പൂരിലെത്തുന്നത് 307 പ്രവാസികള്‍*

 

 

 

*102 കോഴിക്കോട് ജില്ലക്കാര്‍*

കോവിഡ് ആശങ്കകള്‍ക്കിടെ പ്രവാസികളെ നാട്ടിലേക്കെത്തിക്കുന്നതിനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് (13.05.20) രാത്രി കരിപ്പൂരിലെത്തുന്ന കുവൈത്ത്- കോഴിക്കോട്, ജിദ്ദ- കോഴിക്കോട് പ്രത്യേക വിമാനങ്ങളില്‍ നാടണയുന്നത് 307 പ്രവാസികള്‍. കോഴിക്കോട് ജില്ലക്കാരായ 102 പേരാണ് രണ്ട് വിമാനങ്ങളിലുമായി എത്തുന്നത്.

ഇന്ന് (13.05.20) രാത്രി 9.15 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്-384 നമ്പര്‍ വിമാനത്തില്‍ 12 ജില്ലകളില്‍ നിന്നായി 155 പേരെത്തും. 98 പുരുഷന്മാരും 57 സ്ത്രീകളും. ഇവരില്‍ 54 പുരുഷന്മാരും 23 സ്ത്രീകളുമടക്കം 77 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്.

ഇന്ന് അര്‍ധരാത്രിക്കു ശേഷം 12.05 ന് (00.05 മണി, തിയ്യതി 14.05.20) ജിദ്ദയില്‍ നിന്നെത്തുന്ന എയര്‍ ഇന്ത്യയുടെ എ.ഐ-960 നമ്പര്‍ വിമാനത്തില്‍ 10 ജില്ലകളില്‍ നിന്നായി 151 മലയാളികളും ഒരു മാഹി സ്വദേശിയുമടക്കം 152 പ്രവാസികള്‍ എത്തും. 63 പുരുഷന്മാരും 89 സ്ത്രീകളും. ഇവരില്‍ 12 പുരുഷന്മാരും 13 സ്ത്രീകളുമടക്കം 25 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്.

കുവൈത്ത്- കോഴിക്കോട് വിമാനത്തില്‍ ആകെ 27 ഗര്‍ഭിണികളും 31 കുട്ടികളും ആറ് മുതിര്‍ന്നവരും 31 പേര്‍ അടിയന്തര ചികിത്സാര്‍ഥം എത്തുന്നവരുമാണ്. കോഴിക്കോട് ജില്ലക്കാരില്‍ 11 ഗര്‍ഭിണികളും 19 കുട്ടികളും രണ്ട് മുതിര്‍ന്നവരും അടിയന്തര ചികിത്സയ്ക്ക് എത്തുന്ന 22 പേരുമുണ്ട്. ഇവരെ കര്‍ശന നിരീക്ഷണത്തില്‍ വീടുകളിലേക്ക് അയക്കുകയും മറ്റുള്ളവരെ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്യും.

ജിദ്ദ- കോഴിക്കോട് വിമാനത്തില്‍ ആകെ 38 ഗര്‍ഭിണികളും 23  കുട്ടികളും ആറ് മുതിര്‍ന്നവരും 42 പേര്‍ അടിയന്തര ചികിത്സാര്‍ഥം എത്തുന്നവരുമാണ്. കോഴിക്കോട് ജില്ലക്കാരില്‍ അഞ്ച് ഗര്‍ഭിണികളും അഞ്ച് കുട്ടികളും രണ്ട് മുതിര്‍ന്നവരും അടിയന്തര ചികിത്സയ്ക്ക് എത്തുന്ന 3 പേരുമുണ്ട്. ഇവരെ കര്‍ശന നിരീക്ഷണത്തില്‍ വീടുകളിലേക്ക് അയക്കുകയും മറ്റുള്ളവരെ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്യും.

കുവൈത്ത്- കോഴിക്കോട് വിമാനത്തില്‍ ആകെ 45 പേര്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരും 21 പേര്‍ താത്ക്കാലിക വിസയില്‍ പോയവും 6 പേര്‍ ടൂറിസ്റ്റ്-വിസിറ്റ് വിസയില്‍ പോയവരും 12 പേര്‍ വിദ്യാര്‍ഥികളുമാണ്. ജിദ്ദ- കോഴിക്കോട് വിമാനത്തില്‍ ആകെ 39 പേര്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരും 23 പേര്‍ താത്ക്കാലിക വിസയില്‍ പോയവരുമുണ്ട്.

 

date