കൊടുങ്ങല്ലൂരിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സൗജന്യ ടെലി കൗൺസിലിംഗ്
കോവിഡ് 19 ന്റെ പ്രതിരോധത്തിന്റെ ഭാഗമായി ഹോം കൊറെന്റയിനിലും സ്ഥാപന കൊറെന്റയിനിലും കഴിയുന്നവർക്ക് കൊടുങ്ങല്ലൂർ നഗരസഭയുടെ നേതൃത്വത്തിൽ ടെലി കൗൺസിലിങ്ങ്. സൗജന്യമായാണ് സേവനം. നിരീക്ഷണത്തിൽ ഇരിക്കുന്നവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ തീർത്തും ഇല്ലാതാക്കുവാൻ സഹായിക്കുന്ന കൗൺസിലിങ്ങിന് നഗരസഭയിൽ നേതൃത്വം നൽകുന്നത് ടെലി കൗൺസിലിങ്ങിൽ വൈദഗ്ദ്ധ്യം നേടിയ ജെൻഡർ റിസോഴ്‌സ് സെന്ററിലെ ലിഷയും സംഘവുമാണ്.
കൂടാതെ 10, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും പരീക്ഷയെ നേരിടുന്നതിന് നഗരസഭയിൽ നിന്നും ടെലി കൌൺസിലിംഗ് നടത്തുന്നുണ്ട്. വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കും കൗൺസിലിങ് നൽകുന്നു. ദാമ്പത്യ പ്രശ്‌നങ്ങൾ, കുടുംബ പ്രശ്‌നങ്ങൾ, പഠന വൈകല്യം തുടങ്ങിയ എല്ലാ കാര്യങ്ങളിലും മാനസിക പ്രയാസങ്ങളും പിരിമുറുക്കങ്ങളും അനുഭവിക്കുന്നവർക്കും സൗജന്യമായി കൗൺസിലിങ് സേവനം ലഭ്യമാണെന്നും നഗരസഭ ചെയർമാൻ കെ ആർജൈത്രൻ അറിയിച്ചു. രാവിലെ 9 മുതൽ രാത്രി 8 മണി വരെ 81370 28602 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് സേവനം ലഭ്യമാക്കാവുന്നതാണെന്നും ചെയർമാൻ പറഞ്ഞു. കുട്ടികളുടെ നമ്പർ വാട്‌സാപ്പിൽ അയച്ച് നൽകിയാൽ അവർ കുട്ടികളെ വിളിക്കും.
- Log in to post comments