Skip to main content

കോവിഡ് -19 മാര്‍ഗ്ഗരേഖ പുതുക്കി: 14 ദിവസത്തെ ഹോം ക്വാറന്റൈന്‍

 

ജില്ലയില്‍ നിലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുള്ള അന്യസംസ്ഥാനത്തില്‍ നിന്ന് എത്തിയവരെ അടിയന്തരമായി ഹോം ക്വാറന്റൈനിലേക്ക് പ്രവേശിപ്പിക്കേണ്ടതും നിലവിലുള്ള കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം രണ്ട് ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കേണ്ടതുമാണെന്ന് ജില്ലാകലക്ടര്‍ എച്ച്.ദിനേശന്‍ ഉത്തരവിട്ടു. കേരളത്തിലേക്ക് ഇതര സംസ്ഥാനത്തുനിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന്‍ മാര്‍ഗ്ഗരേഖകള്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. പുതുക്കിയ മാര്‍ഗ്ഗേരഖകള്‍ പ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന എല്ലാവരെയും 14 ദിവസത്തെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. എന്നാല്‍ ഇങ്ങനെ എത്തുന്നവരില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ നല്‍കും. ഹോം ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്കും പെയിഡ് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കും വേണ്ടി ജില്ലാഭരണകൂടം ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് ദുരന്തനിവാരണ നിയമം 2005 പ്രകാരം താലൂക്ക്തലത്തില്‍ കെട്ടിടങ്ങള്‍ ഏറ്റെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അനുവദിച്ചു. താലൂക്ക്, സ്ഥാപനത്തിന്റെ പേര് എന്ന ക്രമത്തില്‍
ദേവികുളം- ശിക്ഷക് സദന്‍, ബഡ്ജറ്റ് ഹോട്ടല്‍, പീരുമേട്- മരിയന്‍ കോളേജ് ഹോസ്റ്റല്‍, കുട്ടിക്കാനം, കോട്ടയം ക്ലബ്, ഗ്ലന്‍മേരി, ഉടുമ്പന്‍ചോല- ഗ്രീന്‍വാലി ഹോസ്റ്റല്‍, നെടുങ്കണ്ടം, ഇള ലോഡ്ജ്, രാജാക്കാട്, ഇടുക്കി- ഡി.റ്റി.പി.സി ഹോസ്റ്റല്‍ , തൊടുപുഴ- മീനാക്ഷി ലോഡ്ജ് എന്നിവയാണ് ഏറ്റെടുത്തിട്ടുള്ളത്.

date