ക്വാറന്റൈന് ഫലപ്രദമാക്കാന്‍ ജനങ്ങളും മുന്നട്ടിറങ്ങണം: മന്ത്രി
വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ മടങ്ങിയെത്തുന്നവര്‍ ക്വാറന്റൈന് നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ കൊറോണയുടെ രണ്ടാംവരവ് പ്രതിരോധിക്കാന്‍ സാധിക്കൂ എന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രം ഇത് പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പാര്‍പ്പിക്കുന്ന കൊറോണ കെയര്‍ സെന്ററുകളുടെ നടത്തിപ്പില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കൊപ്പം പ്രദേശ വാസികളുടെ സഹകരണവും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. വരുംദിനങ്ങളില്‍ അതിര്‍ത്തികളിലൂടെ മാത്രമല്ല, കണ്ണൂര്‍ വിമാനത്താവളം വഴിയും റെയില്‍വേ വഴിയും കൂടുതല്‍ ആളുകള്‍ ജില്ലയിലേക്ക് എത്തിച്ചേരാനിരിക്കുകയാണ്. അതിനാല്‍ തുടക്കത്തില്‍ തന്നെ ക്വാറന്റൈന് നടപടികള്‍ കര്‍ക്കശമാക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈയെടുക്കണം. ഇക്കാര്യത്തില്‍ വരുന്ന ചെറിയ വീഴ്ചകള്‍ പോലും വലിയ ദുരിതത്തിലേക്കും നിയന്ത്രണങ്ങളിലേക്കും നാടിനെ നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
- Log in to post comments