പ്രവാസികളുടെ മടങ്ങി വരവ്: തദ്ദേശസ്ഥാപനങ്ങള്‍ സജ്ജം
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി പ്രവാസികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ സംവിധാനം ഒരുക്കുന്നതിന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ സജ്ജം. ജില്ലാ തലത്തിലും തദ്ദേശസ്ഥാപന തലത്തിലുമാണ് ഇതിനായി സൗകര്യം ഒരുക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ കൊറോണ കെയര്‍ സെന്ററുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം. ഇതുപ്രകാരം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതും ഹോം ക്വാറന്റൈനില്‍ വീഴ്ച വരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതും തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിലാണ്. ഇക്കാര്യം വിലയിരുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്നു. തദ്ദേശസ്ഥാപനങ്ങളെ നാല്് ബാച്ചായി തിരിച്ചാണ് യോഗം നടത്തിയത്. നല്ല ജാഗ്രതയിലും കരുതലിലുമാണ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ കോവിഡിനെതിരായി പ്രവര്‍ത്തിക്കുന്നതെന്ന് കെ വി സുമേഷ് പറഞ്ഞു.
ക്വാറന്റൈന്‍ ഫലപ്രദമാണെന്ന് ഉറപ്പു വരുത്താന്‍ പ്രാദേശിക നിരീക്ഷണം ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശ മലയാളികളും എത്തുന്നതോടെ ഇക്കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തണം. ഇവരെല്ലാം കൃത്യമായി ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടി തദ്ദേശസ്ഥാപനങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്. നിലവില്‍ സാമൂഹ്യ വ്യാപനം ഇല്ലാതെ നോക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വിദേശത്തു നിന്ന് വന്നവര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ലോക്ക്ഡൗണില്‍ ഇളവു വരുന്നതോടെ ഈ ജാഗ്രതയില്‍ കുറവ് ഉണ്ടായിക്കൂട. കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്ഥിതി മോശമാകും. അതിനാല്‍ ഒറ്റപ്പെട്ട കേസുപോലും ഇല്ലാതിരിക്കാന്‍ എല്ലാവരും കരുതലോടെയിരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ഹോം ക്വാറന്റൈന്‍ ഏറ്റവും ഫലപ്രദമാണെന്ന് ഉറപ്പാക്കാനുള്ള ക്രമീകരണങ്ങളാണ് തയ്യാറാക്കുന്നത്. വാര്‍ഡ് തലത്തിലും വീടുകള്‍ കേന്ദ്രീകരിച്ചും നിരീക്ഷണ സംവിധാനം ഉണ്ടാകും. യോഗത്തില്‍ സബ് കലക്ടര്‍ എസ് ഇലാക്യ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
- Log in to post comments