മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുത്
കേരള തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള, ലക്ഷദ്വീപ് തീരങ്ങൾ: കന്യാകുമാരി, മാലിദ്വീപ്, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റായി മാറും. തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദമായി മാറി. ഒഡീഷയിലെ പാരദീപ് തീരത്ത് നിന്ന് ഏകദേശം 1060 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയിൽ നിന്ന് 1310 കി.മീയും ദൂരെയാണിത്. അടുത്ത 12 മണിക്കൂറിൽ ഇത് വളരെ വേഗത്തിൽ ചുഴലിക്കാറ്റായും (Cyclonic Storm) വീണ്ടും ശക്തിപ്രാപിച്ച് ശേഷമുള്ള 24 മണിക്കൂറിൽ ശക്തമായ ചുഴലിക്കാറ്റുമായി (Severe Cyclonic Storm) മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മെയ് 17 വരെ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും ദിശയിൽ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാൾ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ആയതിനാൽ സമുദ്ര സ്ഥിതി പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്. മേൽ പറഞ്ഞ പ്രദേശങ്ങളിൽ മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- Log in to post comments