Skip to main content

പരമ്പരാഗതയിനം പച്ചക്കറികളുടെ പുനരുജ്ജീവനത്തിന് കൃഷിവകുപ്പിന്‍റെ സമഗ്ര പദ്ധതി

ജില്ലയില്‍ പരമ്പരാഗതയിനം പച്ചക്കറികളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് കൃഷി വകുപ്പിന്‍റെ പദ്ധതി വരുന്നു. സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ് അറിയിച്ചു. മുന്‍കാലങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തിരുന്നതും ഇപ്പോള്‍ അന്യം നിന്നുപോയിട്ടുള്ളതുമായ പരമ്പരാഗത ഇനം പച്ചക്കറികളുടെ വിത്തുകള്‍ ഇതിന്‍റെ ഭാഗമായി ഉത്പാദിപ്പിച്ച് വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിതകേരളം മിഷന്‍റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ് വിഷരഹിതമായ കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനത്തില്‍ കേരളത്തെ സ്വയംപര്യാപ്തതയില്‍ എത്തിക്കുകയെന്നത്. പൊതുജന പങ്കാളിത്തത്തോടെ ഭക്ഷ്യസുരക്ഷയും ഭക്ഷ്യസ്വയംപര്യാപ്തതയും കൈവരിക്കുന്നതിനുള്ള കൃഷി വകുപ്പിന്‍റെ അഭിമാനപദ്ധതികളില്‍ ഒന്നാണ് പരമ്പരാഗതയിനം പച്ചക്കറി കൃഷിയുടെ ശാസ്ത്രീയ വ്യാപനം.  
    പരമ്പരാഗത ഇനങ്ങള്‍ക്ക് കീടങ്ങളും രോഗങ്ങളും തീരെയില്ലാത്തതിനാല്‍ കീടനാശിനി പ്രയോഗം തീര്‍ത്തും വേണ്ടെന്നത് പ്രധാന സവിശേഷതയാണ്. പോഷക സമൃദ്ധമായ പരമ്പരാഗത പച്ചക്കറികള്‍ എല്ലാ വീട്ടുവളപ്പിലും കൃഷി  ചെയ്യിക്കാനുള്ള പരിശ്രമത്തിന്‍റെ    ഭാഗമായി ജില്ലയില്‍ 20ല്‍ പരം കര്‍ഷകര്‍ പരമ്പരാഗതയിനം പച്ചക്കറി വിത്തുത്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ ഉത്പാദിപ്പിച്ച പരമ്പരാഗതയിനങ്ങളായ ഇലച്ചേമ്പ്, ചതുരപ്പയര്‍, ആന കൊമ്പന്‍ വെണ്ട, നിത്യ വഴുതന, വട്ടിവഴുതന, വാളരിപ്പയര്‍, റാന്നി നാടന്‍ മുളക്, കോവല്‍, തുടങ്ങിയ നാടന്‍ ഇനങ്ങളുടെ വിത്തുകളും തൈകളും കൃഷിഭവന്‍ തലത്തില്‍ സംഭരിച്ചുവരുകയാണ്. അത് കര്‍ഷകരില്‍ കൂടിയും ജില്ലയില്‍ നിലവിലുള്ള അഗ്രോ സര്‍വീസ് സെന്‍ററുകളില്‍ കൂടിയും ബ്ലോക്ക്തല നഴ്സറികളില്‍ കൂടിയും വിത്തായും തൈയായും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇതിനായി ശേഖരിച്ച വിത്തുകളുടെയും തൈകളുടെയും ജില്ലാതല വിപണനോദ്ഘാടനം 24ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ നിര്‍വഹിക്കും. 
    സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ജൈവരീതിയിലുള്ള പച്ചക്കറികൃഷിയും ജില്ലയില്‍ ആരംഭിച്ചുകഴിഞ്ഞു. പോളി ഹൗസുകളിലും അല്ലാതെയും കൃഷി ചെയ്ത പയര്‍, കാബേജ്, കോളിഫ്ളവര്‍, ചീര, പടവലം, പാവല്‍, കോവല്‍ എന്നിവയുടെയും വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ ഉത്പാദിപ്പിച്ച പച്ചക്കറികളുടെ വില്പ്പനയും ജില്ലാ കളക്ടര്‍ നിര്‍വഹിക്കും. 
                                                  (പിഎന്‍പി 425/18)

date