ആലപ്പുഴയില്‍ കോവിഡിനെതിരെ കാര്‍ട്ടുണ്‍ മതില്‍കെട്ടി
ആലപ്പുഴ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മതിലുകളില്‍ ബോധവത്കരണ കാര്‍ട്ടൂണുകള്‍ വരച്ച് കേരള കാര്‍ട്ടൂണ്‍ അക്കാദമി. കൊവിഡ്-19 നെതിരെ കേരളം പടുത്തുയര്‍ത്തിയ പ്രതിരോധ മുന്നേറ്റത്തിന്റെ കാഴ്ച്ചകളാണ് ആലപ്പുഴ കളക്ടറേറ്റിന് എതിര്‍വശത്ത് ഗവ. മുഹമ്മദന്‍സ് സ്‌കൂളിന്റെ മതിലില്‍ നിറഞ്ഞു നില്‍ക്കുന്നത്. സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ വര പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ പ്രവര്‍ത്തകരും, സിനിമാ താരങ്ങളുമെല്ലാം വരകളില്‍ ഇടംപിടിച്ചു.
വൈദ്യുതിക്കമ്പികളില്‍ അകലം പാലിച്ച് നിരന്നിരിക്കുന്ന കാക്കകള്‍, അതിനു താഴെ വാചകം ഇങ്ങനെ. കിളികളില്‍ നിന്നു പഠിക്കാം കരുതലിന്റെ പാഠം. സാമൂഹിക അകലം...
കരുതലിന്റെ പുതിയ ചുവടുവെയ്പായി നഗരമദ്ധ്യത്തില്‍ ഉയര്‍ന്ന കാര്‍ട്ടൂണ്‍ മതിലിലെ ചിത്രമാണിത്.
മറ്റൊരു കാര്‍ട്ടൂണില്‍ ഫഹദ് ഫാസിലിന്റെ ചിത്രം, 'ഷമ്മി ഹീറോയാടാ ഹീറോ' എന്ന സിനിമാ ഡയലോഗിനൊപ്പം കാര്‍ട്ടൂണിസ്റ്റിന്റെ അടിക്കുറിപ്പുമുണ്ട്. ശ്രദ്ധിച്ചാല്‍ 'ഹീറോ അല്ലെങ്കില്‍ സീറോ'. മാസ്‌ക് താഴ്ത്തി ധരിച്ച് സ്‌കൂട്ടറില്‍ പോകുന്ന ആളുടെ പിന്നിലെ സീറ്റില്‍ കൊറോണ കൊലച്ചിരി ചിരിക്കുന്നതാണ് മറ്റൊരു കാര്‍ട്ടൂണ്‍. നിര്‍ദ്ദേശങ്ങളുമായി ശങ്കരാടിയും കുഞ്ഞുണ്ണി മാഷുമെല്ലാം ചിത്രങ്ങളിലുണ്ട്. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.
കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍, ജോ. സെക്രട്ടറി ഡാവിഞ്ചി സുരേഷ്, സുഭാഷ്‌കല്ലൂര്‍, രതീഷ് രവി, ശിവദാസ് വാസു, കലേഷ് പൊന്നപ്പന്‍, പി.സുരേഷ് ഹരിപ്പാട്, സജീവ് ശൂരനാട്, സനീഷ് ദിവാകരന്‍ എന്നിവരാണ് കാര്‍ട്ടൂണുകള്‍ വരച്ചത്.
മാസ്‌കും സാനിറ്റൈസറും കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് നല്‍കിക്കൊണ്ട് ഡെപ്യൂട്ടി കളക്ടര്‍ ആശ. സി. എബ്രഹാം കാര്‍ട്ടൂണ്‍ മതില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ ജിന്‍സ് എം.സി നേതൃത്വം നല്‍കി. വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍മാരായ അശ്വതി എ. ആര്‍, ഷിനോജ്, വയോമിത്രം യൂണിറ്റുകളിലെ സ്റ്റാഫ് , ആരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡി. എം. ഒ ഡോ.അനു വര്‍ഗീസ്, ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments