ജയിലിൽ പുതിയതായി പ്രവേശിപ്പിക്കുന്ന തടവുകാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കും
ജില്ലയിലെ ജയിലുകളിൽ പുതിയതായി പ്രവേശിപ്പിക്കപ്പെടുന്ന റിമാൻഡ് തടവുകാർക്ക് ആരോഗ്യ വകുപ്പ് അനുശാസിക്കുന്ന കോവിഡ് പരിശോധന ഉറപ്പാക്കും. ഇതോടൊപ്പം ഫലം വരുന്നതുവരെയുള്ള പോലീസ് സുരക്ഷയിലുള്ള ക്വാറന്റൈൻ സൗകര്യവും ജയിലുകളിൽ ഏർപ്പെടുത്തും. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണാധികാരികളോടും ആരോഗ്യവകുപ്പിനോടും പോലീസിനോടും ആവശ്യപ്പെട്ടതായി ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു.
റിമാൻഡ് ചെയ്ത് ജയിലിൽ പ്രവേശിക്കുന്നതിനായി കൊണ്ടുവരുന്ന തടവുകാർക്ക് കോവിഡ് ബാധയില്ലെന്ന ഡോക്ടറുടെ പരിശോധനാ റിപ്പോർട്ട് ലഭ്യമാക്കിയ ശേഷം വേണം തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കാൻ. ഇതുസംബന്ധിച്ച കർശന നിർദ്ദേശം ജയിൽ സ്ഥാപന മേധാവികൾക്ക് നൽകി. വയനാട് ജില്ലയിലെ വൈത്തിരി സ്പെഷ്യൽ സബ് ജയിലിൽ പ്രവേശിപ്പിച്ച തടവുകാരന് കോവിഡ് സംശയിച്ച സാഹചര്യത്തിലാണ് നടപടി. ജയിലിനുള്ളിലെ തടവുകാരുടെയും ഉദ്യോഗസ്ഥരുടെയും രോഗബാധ ഫലപ്രദമായി തടയുന്നതിനാണ് ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാൻ വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഡോക്ടറുടെ സാക്ഷ്യപത്രം ഇല്ലാതെ തിരിച്ചെത്തിയ പ്രതികളെ ജയിലിന് പുറത്താണ് പാർപ്പിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ പ്രതികളെ ഹാജരാക്കി റിമാൻഡ് ഉത്തരവുമായി എത്തുന്ന പോലീസ്, എക്സൈസ് അംഗങ്ങളോട് രോഗം ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്താനും വകുപ്പ് നിർദ്ദേശം നൽകി. ഇതോടൊപ്പം പൊതുഗതാഗതം സാധാരണനിലയിലാകുന്ന സാഹചര്യത്തിൽ പുറത്തുനിൽക്കുന്ന പരോൾ, ജാമ്യ തടവുകാർ ജയിലിൽ പുന പ്രവേശിക്കുമ്പോഴും കോവിഡ് പരിശോധനയും ക്വാറന്റൈൻ സൗകര്യവും ഏർപ്പെടുത്തും.
- Log in to post comments