Skip to main content

പത്തനതിട്ട നഗരസഭയില്‍ മുളക്പാടം പദ്ധതിക്ക് തുടക്കമായി

പത്തനംതിട്ട നഗരസഭയുടെ നേതൃത്ത്വത്തില്‍  കുടുംബശ്രീ ജെ.എല്‍.ജി സംരംഭമായ മുളക്പാടം പദ്ധതിക്ക് തുടക്കമായി. നഗരസഭ അധ്യക്ഷ റോസ്ലിന്‍ സന്തോഷ് മുളക്പാടം പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പത്തനതിട്ട നഗരസഭയിലാണു പദ്ധതി ആദ്യമായി തുടങ്ങുന്നത്. കുമ്പഴയില്‍ പതിനാറാം വാര്‍ഡിലെ ധനശ്രീ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണു കൃഷി തുടങ്ങിയത്. 

2000 മുളക് തൈകളാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടുന്നത്. ഇന്ദിര, തങ്കമണി, ലത, മിനി എന്നിവരാണു സംരംഭക ഗ്രൂപ്പ് അംഗങ്ങള്‍.  ആറ് ഏക്കര്‍ വസ്തു പാട്ടത്തിന് എടുത്താണു കൃഷി ചെയ്യുന്നത്. ലോക്ക്ഡൗണ്‍ കാലത്തെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായിട്ടാണ് ഈ പദ്ധതിക്കു നഗരസഭ തുടക്കം കുറിച്ചത്. 

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ജാസിംകുട്ടി അധ്യക്ഷത  വഹിച്ചു. വൈസ് ചെയര്‍മാന്‍ എ.സഗീര്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിജിമോള്‍ മാത്യു, സിഡിഎസ് ചെയര്‍പേഴ്സണ്‍ മോനി വര്‍ഗീസ്, ജില്ലാ പ്രോഗ്രാം  മാനേജര്‍ സുഹാനാ ബീഗം, ബ്ലോക്ക് പ്രോഗ്രാം കോ- ഓഡിനേറ്റര്‍ റിഷി സുരേഷ്, കുടുംബശ്രീ അക്കൗണ്ടന്റ് ഫസീല എന്നിവര്‍ സംസാരിച്ചു.

date