Skip to main content

കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും സെന്റിനൽ സർവെയ്‌ലൻസ് പരിശോധന 

 

 

കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും സെന്റിനൽ സർവെയ്‌ലൻസ് പരിശോധന 

 

എറണാകുളം : കോവിഡ് സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാനും പരിശോധന വ്യാപകമാക്കാനുമായി നടത്തുന്ന സെന്റിനൽ സർവെയ്‌ലൻസ് കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും ആരംഭിച്ചു. സുരക്ഷ ഉപകരണങ്ങളുടെ സഹായത്തോടു കൂടി ഡോക്ടറും മൈക്രോ ബയോളജിസ്റ്റും ഉൾപ്പെട്ട ടീം ആണ് നിരീക്ഷണ കേന്ദ്രങ്ങളിൽനേരിട്ടെത്തി  പരിശോധന നടത്തുന്നത്. ശേഖരിച്ച സാംപിളുകൾ പൂളിങ് നടത്തി പരിശോധിക്കുന്നതിനാൽ വേഗത്തിൽ കൂടുതൽ ആളുകളുടെ പരിശോധന പൂർത്തിയാക്കാൻ സാധിക്കും. ഏഴ് വിഭാഗങ്ങളിൽ ആണ് നിലവിൽ സെന്റിനൽ സെർവെയ്‌ലൻസ് നടത്തുന്നത്. വിദേശത്തു നിന്നെത്തിയ ആളുകൾ, കപ്പലിൽ എത്തുന്ന ആളുകൾ, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ, സന്നദ്ധ പ്രവർത്തകർ, കോവിഡ് ഇതര ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, തുടങ്ങിയ ആളുകളെ ആണ് സെന്റിനൽ സെർവെയ്‌ലൻസിന് വിധേയരാക്കുന്നത്. നിലവിൽ ഇത്തരത്തിൽ 30 സാംപിളുകളുടെ പരിശോധന പൂർത്തിയാക്കി. ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും സാമ്പിൾ ശേഖരണം നടത്തുന്നത്. 

പരിശോധക്ക് വിധേയരാക്കുന്ന ആളുകളെ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപിലെയും ആളുകളുടെ സാംപിളുകൾ ഒരുമിച്ചു കലർത്തിയാണ് പൂൾ ടെസ്റ്റ്‌ നടത്തുന്നത്. ആർക്കും രോഗമില്ലെങ്കിൽ ഫലം നെഗറ്റീവ് ആയി ലഭിക്കും. പോസിറ്റീവ് ഫലം ലഭിച്ചാൽ ഓരോരുത്തരുടെയും സാംപിളുകൾ തനിയെ പരിശോധിക്കും. 

സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാനായി മുൻപ് നടത്തിയിരുന്ന പരിശോധനയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ വിഭാഗങ്ങളിൽ പെട്ട 136 സാംപിളുകൾ പരിശോധിച്ചിരുന്നു.

date