Skip to main content

കുമിളി ചെക്ക് പോസ്റ്റിലെ സംവിധാനം പ്രശംസനീയം മന്ത്രി എം.എം മണി

കുമിളി ചെക്ക് പോസ്റ്റിലെ സംവിധാനം പ്രശംസനീയമെന്ന് മന്ത്രി എംഎം മണി. തിരിച്ചെത്തുന്നവര്‍ക്കായി കുമളി അതിര്‍ത്തിയില്‍ ക്രമീകരിച്ചിരിക്കുന്നത് മികച്ച സംവിധാനമെന്ന് മന്ത്രി എംഎം മണി അഭിപ്രായപ്പെട്ടു.  കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്കായി കുമിളിയില്‍ ജില്ലാ ഭരണകൂടം ഡെപ്യൂട്ടി കലകടറുടെ നേതൃത്വത്തിലൊരുക്കിയ സംവിധാനം മികച്ചതാണ്. സ്വന്തം നാട് തുറന്ന കവാടത്തിലൂടെ  എത്തുന്നവര്‍  നിരവധിയാണ്.  അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്തുന്ന യാത്രക്കാരുടെ പാസ് പരിശോധിച്ച് ടോക്കണ്‍ നല്കുന്നു. സാമൂഹിക അകലം  പാലിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ടോക്കണ്‍ നമ്പര്‍ ക്രമത്തില്‍ അതിര്‍ത്തി കടന്നെത്തുന്നവരെയും അവരുടെ സാധന സാമഗ്രികളും അണുവിമുക്തമാക്കിയ ശേഷം പോലീസ് വകുപ്പിന്റെ കൗണ്ടറില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നു. തുടര്‍ന്ന് ആരോഗ്യ വിഭാഗത്തിന്റെ കൗണ്ടറിലെത്തുന്ന ഇവരെ ഇന്‍ഫ്രാറെഡ് തെര്‍മോസ്‌കാനര്‍ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തി ക്വാറന്റയിന്‍ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.  തുടര്‍ന്ന്  തദ്ദേശ സ്വയംഭരണ സ്ഥാപന കൗണ്ടറില്‍ ഇവര്‍ക്ക് പോകേണ്ട ഗ്രാമ പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി ഏതെന്നും ആളുകളുടെ എണ്ണവും രജിസ്റ്റര്‍ ചെയ്യുന്നു. അടുത്തത് തൊഴില്‍ വകുപ്പിന്റെ കൗണ്ടറും മോട്ടോര്‍ വാഹന വകുപ്പിന്റെ കൗണ്ടറുമാണ്. ഇതര സംസ്ഥാനത്തു നിന്നും ടാക്സിയിലെത്തുന്നവര്‍ക്ക് തുടര്‍ യാത്രയ്ക്ക് ടാക്സി സൗകര്യം ലഭ്യമാക്കി നല്കുന്നത് മോട്ടോര്‍ വാഹന വകുപ്പാണ്. അതില്‍ യാത്ര പോകുന്നവരുടെ വിവരങ്ങള്‍ കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യും. എല്ലാ കൗണ്ടറുകളിലും ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടക്കുന്നതിനാല്‍ അപ്പോള്‍ തന്നെ എത്തിയവരുടെ വിവരങ്ങള്‍ ചെല്ലുന്ന പ്രദേശത്തെ തദ്ദേദേശ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വിഭാഗത്തിനും അറിയുവാന്‍ കഴിയും.  നടപടി ക്രമങ്ങള്‍ ഇതോടെ പൂര്‍ത്തിയാകുന്നവിധത്തിലാണ് ചെക്പോസ്റ്റില്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്.
റെഡ് സോണുകളില്‍ നിന്നെത്തുന്നവരെ അവരുടെ സ്വദേശത്ത് ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക്  അയക്കും. അല്ലാത്തവരെ കര്‍ശന ഉപാധികളോടെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കും. ഇതര ജില്ലകളിലേയ്ക്ക് പോകുന്നവര്‍ക്ക്  സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിരക്കില്‍ കമാണ്ടര്‍ ടാക്സികള്‍ ക്രമീകരിച്ചിട്ടുണ്ട്.  ഡ്രൈവര്‍ക്ക് തൊട്ടു പിന്നിലെ സീറ്റില്‍ ലഗേജ്, ഏറ്റവും പിറകില്‍ യാത്രക്കാര്‍ എന്നിങ്ങനെയാണ് യാത്ര അനുവദിക്കുന്നത്. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കായി കുടിവെള്ളം, ലഘുഭക്ഷണം, വിശ്രമം, നിസ്‌കാരം, ഫീസിംഗ് റൂം, ടോയ്ലറ്റ് തുടങ്ങിയവയ്ക്കുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.  അതിര്‍ത്തി ചെക്ക് പോസ്റ്റിനു സമീപമായാണ് കൗണ്ടറുകളെല്ലാം ക്രമീകരിച്ചിരിക്കുന്നത്. ചെക്ക് പോസ്റ്റ് മുതല്‍ ഓരോയിടങ്ങളും ആരോഗ്യ വകുപ്പിന്റെയും ഫയര്‍ഫോഴ്സിന്റെയും കുമിളി  ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ എപ്പോഴും  അണുവിമുക്തമാക്കുന്നുണ്ട്. ഓരോ ദിവസവും ക്ലോസിംഗ് സമയശേഷം ഫയര്‍ഫോഴ്സ് ടീം കൗണ്ടറുകളും അതിര്‍ത്തി മുതല്‍ കൗണ്ടറിലേക്കുള്ള റോഡുള്‍പ്പെടെ എല്ലായിടവും അണുനാശിനി മിശ്രിതം ചേര്‍ത്ത വെള്ളമുപയോഗിച്ച് കഴുകി ശുചീകരിക്കുന്നു.  റവന്യൂ, പോലീസ് വിഭാഗങ്ങളാണ് പാസ് പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തുന്നത്.  രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരെയാണ് അതിര്‍ത്തിയിലൂടെ ഇത്തരത്തില്‍ പ്രവേശനം അനുവദിക്കുന്നത്. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ക്രമീകരണങ്ങള്‍ക്ക് ഇവിടെ മേല്‍നോട്ടം വഹിക്കുന്നു. ആര്‍ക്കും രോഗം വ്യാപിക്കാതിരിക്കാനുള്ള ജില്ലാ ഭരണകൂടം മുന്‍കരുതോലൊടെ  ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.

date