സ്വാന്തന പരിചരണം നൽകുന്നവരുടെ 200 കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ്
പുന്നയൂർക്കുളം പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ വിഭാഗം ജീവനക്കാരുടെ 200 കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നു. വാർധക്യ അവശതകളാൽ കിടപ്പിലായവർ, അപകടങ്ങൾ, ജന്മനാ വൈകല്യങ്ങളുള്ളവർ, കാൻസർ, ഡയാലിസിസ് പേഷ്യന്റ്, തുടങ്ങി മാരക രോഗങ്ങൾ ഉള്ളവർക്ക് വീടുകളിലെത്തി പരിചരണവും മരുന്നും സ്വാന്തനവും നൽകി വരുന്നവരാണ് പാലിയേറ്റീവ് കെയർ വിഭാഗം അംഗങ്ങൾ. ഇത്തരത്തിൽ സാന്ത്വന പരിചരണം നൽകി വരുന്നതും അർഹമായതുമായ കുടുംബങ്ങൾക്ക് പഞ്ചായത്ത് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകാൻ തീരുമാനിച്ചിരുന്നു.
പച്ചക്കറി, പലചരക്ക് സാധനങ്ങൾ എന്നിവയടങ്ങിയ കിറ്റ് ആരോഗ്യ സന്നദ്ധ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിൽ എത്തിച്ചു. 16 വാർഡുകളിലായി ഇതിനോടകം 160 കിറ്റുകൾ എത്തിച്ചു നൽകി. ബാക്കിയുള്ളവ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്തും സന്നദ്ധ പ്രവർത്തകരും. വിശപ്പ് രഹിത പഞ്ചായത്തിന്റെ ഭാഗമായ പ്രവർത്തനങ്ങളിൽപ്പെടുന്നതാണ് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം.
- Log in to post comments