സ്വാമി വിവേകാനന്ദന്റെ പേരിലുള്ള യുവപ്രതിഭ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് 2019ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാർഡിനായി 18നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം, മാധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ) മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈൻ ആർട്‌സ്, കായികം (വനിത, പുരുഷൻ), ശാസ്ത്രം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം 11 പേർക്കാണ് അവാർഡ് നൽകുന്നത്. അവാർഡിനായി സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. അതത് മേഖലയിൽ വിദഗ്ദ്ധരുൾപ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. അവാർഡിനായി അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും നൽകും.
കൂടാതെ സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് / യുവാക്ലബുകളിൽ നിന്നും അവാർഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌ക്കാരവും നൽകും. ജില്ലാതലത്തിൽ അവാർഡിനർഹത നേടിയ ക്ലബുകളെയാണ് സംസ്ഥാന അവാർഡിന് പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌ക്കാരവും നൽകും. ഇതിനുള്ള അപേക്ഷകൾ മെയ് 25നകം ജില്ല യുവജനകേന്ദ്രത്തിൽ ലഭിക്കണം. അപേക്ഷഫോറം യുവജനക്ഷേമ ബോർഡിന്റെ വെബ്‌സൈറ്റിലും ലഭിക്കും. വെബ്‌സൈറ്റ് www.ksywb.kerala.gov.in വിലാസം: ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ല യുവജനകേന്ദ്രം, മിനി സിവിൽ സ്റ്റേഷൻ തത്തംപള്ളി പി.ഒ, ആലപ്പുഴ. ഫോൺ 0477 2239736.
- Log in to post comments