പരീക്ഷകൾക്ക് മുമ്പ് വിദ്യാലയങ്ങൾ അണുവിമുക്തമാക്കണം
മെയ് 26 ന് ആരംഭിക്കുന്ന എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പൊതുപരീക്ഷകൾക്ക് ജില്ലയിൽ ഒരുക്കങ്ങൾ തകൃതി. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുക. പരീക്ഷക്ക് മുന്നോടിയായി മെയ് 25 ന് മുൻപ് വിദ്യാലയ പരിസരം, ക്ലാസ് മുറികൾ, ഫർണിച്ചറുകൾ, ശുചി മുറികൾ എന്നിവ വൃത്തിയാക്കി അണുവിമുക്തമാക്കണമെന്ന് തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. പിടിഎയുടെ സഹകരണം ഇക്കാര്യത്തിൽ ഉറപ്പു വരുത്തണം. വിദ്യാലയവും പരിസരവും അണുവിമുക്തമാക്കുന്നതിനായി ഫയർഫോഴ്സിന്റെ സേവനവും ആവശ്യപ്പെടാം.
പരമാവധി 20 കുട്ടികൾ എന്ന രീതിയിലാണ് പരീക്ഷാഹാൾ ക്രമീകരിക്കേണ്ടത്. ഇതിനായി ഹയർ സെക്കണ്ടറി ക്ലാസ് മുറികളും ഉപയോഗിക്കാം. പരീക്ഷക്കു മുമ്പും ശേഷവും ഫർണിച്ചറുകൾ അണുവിമുക്തമാക്കണം. കുട്ടികൾ സ്കൂളിൽ കയറുമ്പോൾ തന്നെ കൈകൾ അണുവിമുക്തമാക്കുന്നതും ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നതും ശ്രദ്ധിക്കാൻ അധ്യാപകരെ ചുമതലപ്പെടുത്തണം. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം കുട്ടികളുടെ സാമഗ്രികൾ പരസ്പരം കൈമാറുകയും പരസ്പരം സ്പർശിക്കുകയും ചെയ്യരുത്. കുട്ടികളോടൊപ്പം വരുന്ന രക്ഷിതാക്കൾ പരീക്ഷാസമയത്ത് കോമ്പൗണ്ടിൽ നിൽക്കാൻ പാടില്ല.
ഓരോ പരീക്ഷാ സെന്ററിലും അധികമായി വരുന്ന കുട്ടികളുടെ എണ്ണം ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തേണ്ടതും അവർക്ക് ആവശ്യമായ ചോദ്യപേപ്പറുകൾ, ഇൻവിജിലേറ്റർ എന്നിവ ഉറപ്പാക്കേണ്ടതുമാണ്. ചോദ്യപേപ്പറുകൾ, ഇൻവിജിലേറ്റർ എന്നിവ അധികമായി ആവശ്യമുണ്ടെങ്കിൽ മെയ് 23 ന് മുൻപ് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ അറിയിക്കേണ്ടതും, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ആവശ്യമായ ചോദ്യപേപ്പറുകൾ ട്രഷറി/ ബാങ്ക് എന്നിവയിൽ സൂക്ഷിച്ചിട്ടുള്ള സ്പെയർ ചോദ്യപേപ്പറിൽ നിന്നും എടുത്തു ബന്ധപ്പെട്ട പരീക്ഷാ സെന്ററിൽ എത്തിക്കേണ്ടതുമാണ്.
എല്ലാ പരീക്ഷ സെന്ററുകളിലും ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റേഴ്സ് എന്നിവ ഉണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണം. കോവിഡ് 19 ഡ്യൂട്ടിയുമായി നിയമിച്ചിട്ടുള്ള ഇൻവിജിലേറ്റർക്ക് പകരം അധ്യാപകരെ നിയമിക്കും. ഇതിനുവേണ്ടി ആവശ്യമെങ്കിൽ പ്രൈമറി സ്കൂളിൽ നിന്നും അധ്യാപകരെ നിയമിക്കും. ആവശ്യമായ അധ്യാപകരുടെ എണ്ണം ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നതനുസരിച്ച് അധ്യാപകരുടെ പേര്, സ്കൂൾ, ഫോൺ നമ്പർ, മേൽവിലാസം എന്നിവ സഹിതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ കൈമാറണം.
കുട്ടികളുടെ വിദ്യാലയങ്ങളിലേക്കുള്ള വരവ് സംബന്ധിച്ച് ക്ലാസ് അധ്യാപകർ മുഖേന പ്രശ്നങ്ങൾ ശേഖരിച്ച് പ്രധാനാധ്യാപകർ പരിഹാരം കാണണം. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി മറ്റു മാർഗങ്ങൾ ഒന്നും ഇല്ലെങ്കിൽ മറ്റു വിദ്യാലയങ്ങളുടെ വാഹനങ്ങൾ ആവശ്യപ്പെടുകയോ വാഹനം വാടകയ്ക്കോ എടുക്കാവുന്നതാണ്. സി ഡബ്ല്യു എസ് എൻ വിഭാഗത്തിൽ സ്ക്രൈബിങ് സേവനം ലഭിച്ച കുട്ടികൾ പരീക്ഷ സെന്ററിൽ മാറ്റം വരുത്തിയാൽ സ്ക്രൈബിനെ പരീക്ഷ എഴുതുന്ന സെന്ററിലെ ചീഫാണ് നിയമിക്കേണ്ടതെന്നും തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
- Log in to post comments