Skip to main content

കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജത്തിലേക്ക് മാറ്റുന്നതിന് അനര്‍ട്ട് പദ്ധതി

 സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ വകുപ്പിനു കീഴിലുള്ള അനര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന പദ്ധതി തുടങ്ങി. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയെ ഊര്‍ജസ്വലമാക്കുന്നതിനും കര്‍ഷകര്‍ക്ക് കൃഷിയോടൊപ്പം അധിക വരുമാനം ലഭ്യമാക്കുന്നതിനുമാണു പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ കൃഷി ഓഫീസുമായി ബന്ധപ്പെട്ട്  കെഎസ്ഇബിയില്‍ നിന്നും കാര്‍ഷിക കണക്ഷനായി എടുത്ത് പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റും.  കര്‍ഷകര്‍ ഉപയോഗിക്കുന്ന പമ്പുസെറ്റുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനൊപ്പം, ഉപയോഗം കഴിഞ്ഞ് അധികമായി ലഭിക്കുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കി അധിക വരുമാനം നേടാനും സാധിക്കും.

   ഒരു എച്ച്പി മുതല്‍ 10 എച്ച്പി വരെയുള്ള പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റാം. 1 എച്ച്പി ശേഷിക്ക് കുറഞ്ഞത് ഒരു കെഡബ്ല്യു എന്ന കണക്കിന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാം. പമ്പ് കപ്പാസിറ്റിയുടെ 1 1/2 മടങ്ങ് പരമാവധി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാം. ഒരു എച്ച്പി പമ്പ് സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന്  54,000 രൂപ ചെലവ് വരും. അതില്‍ 60 ശതമാനം തുക കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡിയായി നല്‍കും. 

    അഞ്ചു വര്‍ഷം വാറണ്ടിയുള്ള സോളാര്‍ സംവിധാനത്തിന് ബാറ്ററി ഇല്ലാത്തതിന് അറ്റകുറ്റപ്പണികള്‍ തീരെയില്ല. കൂടാതെ ബാറ്ററി മാറ്റുന്ന ചെലവ് ലാഭിക്കാം. ഒരു കെഡബ്ല്യു സോളാര്‍ പാനലില്‍ നിന്നും നാല്-അഞ്ച് യൂണിറ്റ് വൈദ്യുതി ലഭിക്കും. ഇതില്‍ ഉപയോഗിക്കുന്ന സോളാര്‍ പാനലുകള്‍ക്ക് 20 വര്‍ഷം വാറണ്ടിയുണ്ട്. ഒരിക്കല്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ അറ്റകുറ്റപ്പണികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെ പമ്പുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കാം. പമ്പിന്റെ ഉപയോഗം കഴിഞ്ഞാല്‍ ബാക്കി സമയത്ത് സോളാര്‍ പാനലുകള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്സിബി ഗ്രിഡില്‍ നല്‍കുക വഴി കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കും.  ഈ പദ്ധതിക്കായി  അനര്‍ട്ടിന്റെ  ജില്ലാ ഓഫീസുകളില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് ഒരു കെഡബ്ല്യു ശേഷിക്ക്  100 ചതുരശ്ര അടി നിഴല്‍ രഹിത സ്ഥലം ആവശ്യമാണ്. 

പദ്ധതിക്കായി അനര്‍ട്ട് ഗുണനിലവാരം ഉറപ്പുവരുത്തി ഏജന്‍സികളുടെ എംപാനല്‍മെന്റ് ലിസ്റ്റ് തയാറാക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു. കര്‍ഷകര്‍ക്ക് ഇഷ്ടമുള്ള ഏജന്‍സികളെ തെരഞ്ഞെടുത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാം. ഈ പദ്ധതിക്കായി കര്‍ഷകര്‍ 60 ശതമാനം സബ്സിഡി കുറച്ചുള്ള 40 ശതമാനം തുക മാത്രമേ അനര്‍ട്ടിന്റെ ജില്ലാ ഓഫീസുകളില്‍ നല്‍കേണ്ടതുള്ളൂ.

 അനര്‍ട്ടിന്റെ കീഴില്‍ 140 നിയോജക മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കുന്ന ഊര്‍ജ മിത്ര സെന്റര്‍ വഴി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സാധ്യത പരിശോധിക്കും. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നിഴല്‍ രഹിത സ്ഥലം ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന കര്‍ഷകര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2224096 എന്ന നമ്പരില്‍ വിളിക്കുക.

date