കോവിഡ് 19: ജില്ലയില്‍ എട്ട് കോവിഡ് കെയര്‍ സെന്ററുകള്‍ കൂടി തുറന്നു
വിദേശ രാജ്യങ്ങള്‍, ഇതരസംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി കൂടുതല്‍ പേര് തിരിച്ചെത്തുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ എട്ട് കോവിഡ് കെയര്‍ സെന്ററുകള്‍ കൂടി ആരംഭിച്ചതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. കോട്ടക്കല്‍ ആയൂര്‍വേദ കോളജിലെ ഒ.പി ബ്ലോക്ക്, ധന്വന്തരി ബ്ലോക്ക്, എടപ്പാള്‍ ശ്രീവത്സം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് (പി.ജി അനെക്സ് ഹോസ്റ്റല്‍), കാടാമ്പുഴ ദേവസ്വം റസ്റ്റ് ഹൗസ്, മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗേള്‍സ് ഹോസ്റ്റല്‍, കോട്ടക്കല്‍ ആര്യവൈദ്യശാല, ഒതുക്കുങ്ങല്‍ അല്‍മാസ് നഴ്സസ് ഹോസ്റ്റല്‍ (മുകള്‍ നില) തുടങ്ങിയ സ്ഥാപനങ്ങളാണ് പുതിയതായി കോവിഡ് കെയര്‍ സെന്ററുകളായി ഏറ്റെടുത്തിട്ടുള്ളത്. ഇവയുടെ ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കായിരിക്കും.
കൂടാതെ കൊണ്ടോട്ടിയിലെ ആറോളം ഹോട്ടലുകളില്‍ സ്വന്തം ചെലവില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ കഴിയാന്‍ താത്പര്യപ്പെടുന്നവര്‍ സന്നദ്ധത കാണിക്കുന്ന അഫിഡവിറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. കൊണ്ടോട്ടിയിലെ റിയ റസിഡന്‍സി, പ്ലാസ ഇന്റര്‍നാഷനല്‍ ഹോട്ടല്‍ ബെന്‍സി പാലസ്, ലേ കാസിലോ ടൂറിസ്റ്റ് ഹോം, പാരഡൈസ് ലോഡ്ജ്, ബ്ലു വേവ്, പുളിക്കല്‍ ടൗവര്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പ്രത്യേക നിരീക്ഷണത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. ഈ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ നിരീക്ഷണത്തില്‍ തന്നെയാണെന്ന് ഹോട്ടലിലെ മാനേജര്‍ ഉറപ്പ് വരുത്തണം. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നുമുണ്ടായാല്‍ ബന്ധപ്പെട്ട ചാര്‍ജ് ഓഫീസറെ അറിയിക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തും.
- Log in to post comments