Skip to main content

ജില്ലയിൽ നിന്നും അതിഥി തൊഴിലാളികളുമായുള്ള മൂന്നാമത്തെ ട്രെയിൻ ബീഹാറിലേക്ക് തിരിച്ചു.

 

ജില്ലയിൽ നിന്നും അതിഥി തൊഴിലാളികളുമായുള്ള   മൂന്നാമത്തെ ട്രെയിൻ ബീഹാറിലെ ഭട്ടിയയിലേയ്ക്ക് യാത്രതിരിച്ചു. വൈകീട്ട് അഞ്ചിന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് തൊഴിലാളികൾ സ്വദേശത്തേയ്ക്ക്  മടങ്ങിയത്. പട്ടാമ്പി താലൂക്കിൽ നിന്നും 848 പേർ, ഒറ്റപ്പാലം താലൂക്കിൽ നിന്ന് 149, മണ്ണാർക്കാട് -  150, പാലക്കാട് - 232, ചിറ്റൂർ - 98 , എന്നിങ്ങനെ 1477 തൊഴിലാളികളാണ് ഇന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്.  

നാട്ടിലേയ്ക്ക് മടങ്ങിയ അതിഥി തൊഴിലാളികൾക്ക് താലൂക്കടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളില്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീരതാപനില അളക്കുകയും മറ്റ് അസുഖങ്ങള്‍, രോഗ ലക്ഷണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. തുടര്‍ന്ന് കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ച് കെ.എസ്.ആര്‍.ടി.സി. ബസുകളിലാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനുകളിൽ എത്തിച്ചത്.
എല്ലാ തൊഴിലാളികള്‍ക്കും നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും നല്‍കി.

ഒറ്റപ്പാലം സബ് കലക്ടറും ജില്ലയിലെ അതിഥി തൊഴിലാളികളുടെ യാത്ര ഏകോപനത്തിന്റെ നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍, അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്,  തൊഴില്‍ വകുപ്പ്, റവന്യൂ, റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണത്തോടെയാണ് അതിഥി തൊഴിലാളികളുടെ യാത്ര ഏകോപിപ്പിച്ചത്.

ജില്ലയിൽ നിന്നു നേരിട്ടല്ലാതെ തൃശ്ശൂരിൽ നിന്ന് പാലക്കാട് വഴി ജാർഖണ്ഡിലേക്കും,  തിരുവനന്തപുരത്തു നിന്നും ഷൊർണൂർ വഴി രാജസ്ഥാനിലേക്കും കഴിഞ്ഞ ദിവസങ്ങളിൽ  ട്രെയിനുകൾ പോയിരുന്നു. 

ജില്ലയില്‍ നിന്നും ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത് 5554 അതിഥി തൊഴിലാളികള്‍

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നും ഇതുവരെ ട്രെയിനിലും ബസിലുമായി നാട്ടിലേക്ക് മടങ്ങിയത് 5554 അതിഥി തൊഴിലാളികള്‍. 

മെയ് ആറിന് ഒഡീഷയിലേക്ക് 1208 തൊഴിലാളികളും മെയ് 20 ന് ഉത്തര്‍പ്രദേശിലെ ലക്‌നൗവിലേക്ക് 1435 , മെയ് 21 ന് ജാര്‍ഖണ്ഡിലേക്ക് 615 ,  മെയ് 22 ന് രാജസ്ഥാനിലേയ്ക്ക് 300, ഇന്ന് (മെയ് 23)  ബീഹാറിലേയ്ക്ക് 1477 പേര്‍ ഉള്‍പ്പടെ ആകെ 5035 അതിഥി തൊഴിലാളികളാണ് ഇതുവരെ ട്രെയിന്‍ മാര്‍ഗം ഇതര സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങിയത്.

ജില്ലയിലെ ഇഷ്ടിക ചൂളകളില്‍ തൊഴിലിനായെത്തി ലോക്ക് ഡൗണ്‍ മൂലം നാട്ടിലെത്താന്‍ കഴിയാതെപോയ തമിഴ്‌നാട്ടിലെ നാഗപട്ടണം, തഞ്ചാവൂര്‍, തിരുവായൂര്‍, കടലൂര്‍ എന്നിവിടങ്ങളിലെ നിന്നുള്ള 519 തൊഴിലാളികളെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മടക്കി അയച്ചു. മെയ് 13 ന് 86 പേര്‍, മെയ് 15 ന് 281 പേര്‍, മെയ് 18 ന് 152 പേര്‍ എന്നിങ്ങനെ 519 പേരെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്, കെ.എസ്.ആര്‍.ടി.സി. എന്നിവയുടെ നേതൃത്വത്തില്‍ ബസുകളില്‍ യാത്രയാക്കിയത്.

date