Skip to main content

ആദ്യ ട്രെയിനില്‍ എത്തിയത് 132 പേര്‍

 

 

ലോക് ഡൗണ്‍ ആരംഭിച്ചശേഷം  സംസ്ഥാനത്തിനു പുറത്തുനിന്ന് ആദ്യമായി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ വന്നത് മൂന്നു ജില്ലകളില്‍നിന്നുള്ള 132 പേര്‍. കോട്ടയം-37, പത്തനംതിട്ട-76, അലപ്പുഴ-19 എന്നിങ്ങനെയാണ് ഇന്നലെ(മെയ് 23) രാത്രി എത്തിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 

 

ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ളവരെ കെ.എസ്.ആര്‍.ടിസി ബസുകളില്‍ അതത് ജില്ലകളിലേക്ക് കൊണ്ടുപോയി. ഗര്‍ഭിണിയും കുട്ടിയും ഉള്‍പ്പെടെയുള്ള കുടുംബത്തെ അംബുലന്‍സില്‍ പത്തനംതിട്ടയിലേക്ക് അയച്ചു.  

 

കോട്ടയം ജില്ലയില്‍നിന്നുള്ള എല്ലാവരെയും ക്വാറന്‍റയിന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചു. അതിരമ്പുഴ കാരിസ്ഭവന്‍, പുല്ലരിക്കുന്ന് സ്നേഹാലയം, പാത്താമുട്ടം സെന്‍റ് ഗിറ്റ്സ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.   

 

 

രാത്രി 8.45നാണ് ലോകമാന്യതിലക്-തിരുവനന്തപുരം ട്രെയിന്‍ കോട്ടയത്തെത്തിയത്. അന്തര്‍ സംസ്ഥാന യാത്രയ്ക്കുള്ള പാസെടുത്തിട്ടില്ലാത്തതിനാല്‍ യാത്രക്കാരുടെ വിശദാംശങ്ങള്‍ ജില്ലാ ഭരണകൂടത്തിന് മുന്‍കൂട്ടി ലഭിച്ചിരുന്നില്ല. 

 

 

റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളില്‍ പനി പരിശോധനയും വിവരശേഖരണവും നടത്തുകയും  ലഗേജുകള്‍ അണുവിമുക്തമാക്കുക്കുകയും ചെയ്തശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്.  

 

 

ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലിസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ ജോളി ജോസഫ്, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എന്‍. വിദ്യാധരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

date