പദ്ധതിതുക വിനിയോഗം കൂടുതല്‍ കാര്യക്ഷമമാക്കണം: ജില്ലാ കളക്ടര്‍
പദ്ധതിതുക ചെലവഴിക്കുന്നത് കൂടുതല്‍ കാര്യക്ഷമവും വേഗത്തിലുമാക്കാന്‍ ജില്ലാകലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയില്‍ ആയിരുന്നു കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ജില്ലയില്‍ ഇതുവരെ 50.8 ശതമാനമാണ് പദ്ധതിതുക ചെലവഴിച്ചിട്ടുള്ളത്.
തുതിയൂര്‍ റോഡ് അറ്റകുറ്റപ്പണി സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും സംയുക്ത പരിശോധന നടത്തി ധനസഹായം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വികസന സമിതിയില്‍ അറിയിച്ചു.
പുഴകള്‍, തോടുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഫ്ളാറ്റ് മാലിന്യം തള്ളുന്നതിനെതിരെ തൃക്കാക്കര നഗരസഭാ കാര്യാലയത്തിന്റെ പരിധിയിലുള്ള ഫ്ളാറ്റുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് തൃക്കാക്കര നഗരസഭ അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്നും നഗരസഭ അറിയിച്ചു.
പാലാരിവട്ടം - കളമശ്ശേരി പൈപ്ലൈന് റോഡില്‍ അമിതഭാരമുള്ള വാഹനങ്ങള്‍ സഞ്ചരിക്കുന്നതും പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ജില്ലാവികസന സമിതിയെ അറിയിച്ചു. വലിയ വാഹനങ്ങള്‍ വരുന്നതു മൂലം റോഡ് പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിലാണെന്ന് കഴിഞ്ഞ ജില്ലാ വികസന സമിതിയോഗത്തില്‍ പി റ്റി തോമസ് എംഎല്‍എ ഉന്നയിച്ചിരുന്നു.
നവകേരളം മിഷന് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകനവും ജില്ലാ വികസന സമിതി യോഗത്തിനു ശേഷം നടന്നു. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നു മാസത്തിനുള്ളില്‍ 100 കുളങ്ങള്‍ വൃത്തിയാക്കുമെന്ന് ഹരിതകേരളം ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ സുജിത് കരുണ്‍ പറഞ്ഞു. 27ന് ഇത് സംബന്ധിച്ച് ഒരു യോഗം വിളിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം വൃത്തിയാക്കിയ 150ലധികം കുളങ്ങളില്‍ നന്നായി സംരക്ഷിച്ചന്നവയ്ക്ക് അവാര്‍ഡ് നല്‍കും.
ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ഇതില്‍ ഒമ്പത് കുടുംബാരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അടുത്ത മാസത്തോടെ അഞ്ചെണ്ണം കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന് പറഞ്ഞു.
ലൈഫ് മിഷനില്‍ ഭവനരഹിതര്‍ക്ക് ജില്ലയില്‍ 1331 വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. അതില്‍ 214 എണ്ണം പൂര്‍ത്തിയാക്കി.
പൊതുവിദ്യാലയങ്ങളുടെ പഠനനിലവാരം ഉയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായി 2200 ക്ളാസ്റുമുകളെ ആധുനീകരിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തുവെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി എ സന്തോഷ് പറഞ്ഞു.
ജില്ലാകലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാലി ജോസഫ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദേ്യാഗസ്ഥര്‍ എന്നിവര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments