മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനത്തിന് വാതില്‍ തുറന്ന് പുതുയുഗം
കൊച്ചി: ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനം നേടാന്‍ വഴിയൊരുക്കി പുതുയുഗം. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള മുന്‍കയ്യെടുത്ത് ആവിഷ്‌കരിച്ച പരിശീലന പരിപാടിയിലേക്ക് ഇന്നലെ നടന്ന അഭിരുചി നിര്‍ണയ പരീക്ഷയില്‍ 76 പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇതില്‍ നിന്നും 50 പേരെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കും.
ഫിഷറീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പരിശീലന പരിപാടിയില്‍ മത്സ്യക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കാണ് പ്രവേശനം ലഭിക്കുക. ഒരു വര്‍ഷമാണ് പരിശീലന കാലാവധി. അല്‍ഫോന്‍സ് കണ്ണന്താനം അക്കാദമിയുടെ നേതൃത്വത്തില്‍ വിദഗ്ധരായ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിന് പരിശീലനം നല്‍കും. ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്കു കൂടി ഉതകുന്ന തരത്തിലാണ് പരിശീലന പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് പുതുയുഗത്തിന്റെ കോ ഓഡിനേറ്ററും മുന്‍ എഡിഎമ്മുമായ സി.കെ. പ്രകാശ് പറഞ്ഞു. എന്‍ട്രന്‍സ് പരിശീലനത്തിന് പുറമെ സതര്‍ലന്‍ഡ് ഗ്ലോബല്‍ സര്‍വീസസിന്റെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും.
ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ പഠനമികവു പുലര്‍ത്തുന്ന സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് അനുയോജ്യരാക്കുന്ന പദ്ധതിയാണ് പുതുയുഗം. കഴിഞ്ഞ അക്കാദമിക വര്‍ഷം തുടക്കം കുറിച്ച പദ്ധതിയില്‍ 450 പേര്‍ക്കാണ് പ്രതിവര്‍ഷം പരിശീലനം നല്‍കുന്നത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്‌സ്യത്തൊഴിലാളി മേഖലയിലെ കുട്ടികളെ പ്രത്യേകമായി ഉള്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചതിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം യോഗ്യതാ നിര്‍ണയ പരീക്ഷ നടത്തിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ അവധി ദിവസങ്ങളിലാണ് പരിശീലന ക്ലാസുകള്‍ നടക്കുന്നത്. അധ്യാപകര്‍ക്ക് പുറമെ വിവിധ മേഖലകളിലെ പ്രമുഖരും ക്ലാസുകളിലെത്തി വിദ്യാര്‍ത്ഥികളുമായി സംവദിക്കും.
- Log in to post comments