Skip to main content

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഭാരതീയ ചികിത്സാ വകുപ്പും

കോവിഡ്-19 രോഗവ്യാപന സാധ്യതകളെ നിയന്ത്രിക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍  ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി നടപ്പിലാക്കുന്നു.  ജില്ലാ ആയുര്‍വേദ കോവിഡ്-19 റെസ്‌പോണ്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 99 ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി സ്വാസ്ഥ്യം, സുഖായുഷ്യം പുനര്‍ജനി എന്നീ മൂന്നു പദ്ധതികളാണ് നടപ്പിലാക്കുന്നത്.
കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയ്ക്കുശേഷം രോഗവിമുക്തി നേടിയവര്‍ക്ക് ശാരീരികവും മാനസികവുമായ സുസ്ഥിതി തിരികെ നല്‍കുന്ന പദ്ധതിയാണ് പുനര്‍ജനി.  60 വയസ്സിനു താഴെയുള്ള പൊതുജനങ്ങളുടെ ജീവിതശൈലി ക്രമപ്പെടുത്തല്‍, ആരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍, പ്രതിരോധമരുന്നുകളുടെ ഉപയോഗം എന്നിവ  വഴി സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതിയാണ് സ്വാസ്ഥ്യം.  കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ-അഗന്‍വാടി പ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പ്രതിരോധ മരുന്നു വിതരണവും ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നുണ്ട്.  
കോവിഡ്-19 രോഗബാധ ഏറ്റവും ഗുരുതരമായ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാരുടെ സമഗ്ര ആരോഗ്യ പരിപാലനത്തിനുള്ള പദ്ധതിയാണ് സുഖായുഷ്യം.  രോഗപ്രതിരോധ ഔഷധങ്ങള്‍ കൊടുക്കുന്നതോടൊപ്പം അതാത് സമയത്തുള്ള ആരോഗ്യ വിഷയങ്ങളെ യുക്തമായ ഔഷധങ്ങള്‍ കൊടുത്ത് ചികിത്സിക്കുകയാണ് ഇതിന്റെ ലക്ഷ്യം.  അതാത് പ്രദേശങ്ങളില്‍ ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ആരോഗ്യ വളണ്ടിയര്‍മാര്‍ എന്നിവര്‍ വഴിയോ നേരിട്ടോ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി/ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴിയോ ഈ സേവനം ലഭിക്കും.  ആരോഗ്യ സംബന്ധമായ സംശയ നിവാരണത്തിനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കുമായി ടെലി-കണ്‍സള്‍ട്ടേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഈ സേവനത്തിന് രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ 9446017330 (ഡോ.രമ്യശ്രീ), 7012159672 (ഡോ.ദീപ്തി) എന്നീ നമ്പറുകളില്‍ വിളിക്കാം.
ലോക്ക്ഡൗണ്‍ കാലത്തും ക്വാറന്റൈന്‍ സമയത്തും ജനങ്ങള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി ആയുര്‍വേദ വിഭാഗത്തിലെ മാനസികാരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ ടെലി-കൗണ്‍സലിംഗ് ടീമും പ്രവര്‍ത്തിക്കുന്നുണ്ട്.  ഇതിനായി രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ 9447759122 (ഡോ.പി വി പ്രീത), 9446365036 (ഡോ.ജില്‍ജിത്ത്), 7907679463 (ഡോ.ദൃശ്യ) എന്നീ നമ്പറുകളില്‍ വിളിക്കാം

date