സമന്വയ : ഭിന്നലിംഗക്കാര്‍ക്ക് തുടര്‍ വിദ്യാഭ്യാസ പദ്ധതി ജില്ലാതല രജിസ്ട്രേഷന് തുടക്കം
ഭിന്നലിംഗക്കാര്‍ക്ക് തുടര്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ആരംഭിച്ചിട്ടുള്ള 'സമന്വയ' ജില്ലാതല രജിസ്ട്രേഷന് തുടക്കമായി. ജില്ലാ പഞ്ചായത്ത് മിനി സമ്മേളന ഹാളില്‍ ചേര്‍ന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
പൊതു സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടവരല്ല ഭിന്ന ലിംഗക്കാരെന്നും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പടെ ഭിന്നലിംഗക്കാരെ ഉള്‍പ്പെടുത്തിയുള്ള സൗഹൃദ നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റേതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പരിസ്ഥിതി സാക്ഷരതയുടെ ഭാഗമായി ജില്ലാ സാക്ഷരതാമിഷന്‍ തയ്യാറാക്കിയ കുടിവെള്ള സ്രോതസ്സുകളുടെ സര്‍വെ റിപ്പോര്‍ട്ടും പരിപാടിയില്‍ പ്രകാശനം ചെയ്തു.
ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കുക ലക്ഷ്യമിട്ടാണ് സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസം നല്‍കുന്നത്. ജില്ലയിലെ ഇതുവരെ 42 ഭിന്ന ലിംഗക്കാര്‍ തുടര്‍ വിദ്യാഭ്യാസത്തിന് രജിസ്റ്റര്‍ ചെയ്തു. നാല്, എട്ട്, പ്ലസ് വണ്‍, പ്ലസ് റ്റു ക്‌ളാസുകളിലേക്കാണ് സൗജന്യ തുടര്‍ വിദ്യാഭ്യാസം നല്‍കുക.
ജില്ലാപഞ്ചായത്ത് അംഗം എം.കെ. ദേവി അധ്യക്ഷയായ പരിപാടിയില്‍ റിസോഴ്സ് പേഴ്സന്‍മാരായ പത്മിനി, രേണുക, പേരൂര്‍ രാജഗോപാലന്‍, ഡോ:പി.സി. ഏലിയാമ്മ പങ്കെടുത്തു.
- Log in to post comments