Skip to main content

ജില്ലാ ആയുർവ്വേദാശുപത്രിയിൽ വിർച്വൽ ഒ പി തുടങ്ങി

കോവിഡിന്റെ സാഹചര്യത്തിൽ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാനായി രാമവർമ്മപുരം ജില്ലാ ആയുർവേദ ആശുപത്രിയിൽ വെർച്വൽ ഒ പി തുടങ്ങി. വെർച്വൽ ഒ പി സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവ്വഹിച്ചു. ഡോക്ടറെ കാണുന്നതിന് ഒ പി ബുക്കിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. നിരാമയ പദ്ധതി പ്രകാരമാണ് പുതിയ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിരിക്കുന്നത്. ആശുപത്രിയിൽ വരാതെ തന്നെ ഡോക്ടർമാരുടെ സേവനം വെർച്വൽ ഒ പി വഴി ലഭിക്കും. ഇതിനായി 9188526391എന്ന നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാം. എല്ലാ ദിവസവും വെർച്വൽ ഒ പി ബുക്കിങ് ഉണ്ടായിരിക്കും. തലേദിവസം ബുക്കിങ് ചെയ്യുന്നവർക്കാണ് വെർച്വൽ ഒ പി യുടെ സേവനം ലഭിക്കുക. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് ഒരു നിശ്ചിത സമയത്ത് വീഡിയോ കോൺഫറൻസ് വഴി ഡോക്ടർമാർ സംസാരിക്കുകയും ചികിത്സ നിശ്ചയിക്കുകയും ചെയ്യുന്നു.
പ്രധാനമായും 65 വയസ്സിന് മുകളിലുള്ളവർക്കും കുട്ടികൾക്കും ഗർഭിണികൾക്കുമാണ് പുതിയ ഒ പി സംവിധാനം ഉപകരിക്കുക. ഒരിക്കൽ ഡോക്ടറെ കണ്ടതിന് ശേഷം തുടർചികിത്സ ആവശ്യമുള്ളവർക്കും ഇത് സഹായകരമാണ്. ഇവർക്ക് തിരക്കൊഴിഞ്ഞ സമയത്ത് ബന്ധുക്കളെയോ സന്നദ്ധപ്രവർത്തകരെയോ ഉപയോഗിച്ച് മരുന്ന് കൊണ്ടു പോകാവുന്നതാണ്. മരുന്ന് മാത്രം വാങ്ങിയാൽ മതിയെങ്കിൽ അങ്ങനെയുള്ളവർക്ക് അധികം തിരക്കില്ലാതെ മരുന്നു ലഭ്യമാക്കുന്നതിനുള്ള സൗകര്യവു മൊരുക്കും. ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനായാണ് ഒ പി മുൻകൂട്ടി ബുക്ക് ചെയ്യുന്നത്.
ഫോണിൽ വിളിച്ചോ അല്ലെങ്കിൽ സ്മാർട്ട് ഫോണിലെ ആപ്ലിക്കേഷൻ വഴിയോ ഡോക്ടറുടെ സേവനവും സമയവും മുൻകൂട്ടി ഉറപ്പിക്കാവുന്നതാണ്. അങ്ങനെ വരുന്നവർക്ക് അധികം സമയം കളയാതെ ഡോക്ടർമാരെ കാണാൻ കഴിയും. നിരാമയ പദ്ധതിയുടെയും അതിന്റെ ഭാഗമായി പൊതുജന സംവാദത്തിന് ഏർപ്പെടുത്തിയ ഫേസ്ബുക്ക് പേജിന്റെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവ്വഹിച്ചു.

date