Skip to main content

സിവില്‍ സ്റ്റേഷന്‍ ശുചിയാക്കാന്‍ ക്ലീന്‍ ഡ്രൈവ് മൂന്നിന് ഏറ്റവും വൃത്തിയുള്ള ഓഫീസിന് പുരസ്‌കാരം

കാക്കനാട്: സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും വൃത്തിയാക്കുന്നതിന് മാര്‍ച്ച് മൂന്നിന് ഉച്ച കഴിഞ്ഞ് രണ്ടു മണി മുതല്‍ അഞ്ചു മണി വരെ ക്ലീന്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും അതാത് ഓഫീസുകളിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കും. പൊടി, അഴുക്ക്, മാലിന്യങ്ങള്‍, ഫയലുകളില്‍ അടിഞ്ഞു കൂടുന്ന പൊടി, മാറാല തുടങ്ങിയവ നീക്കി ഓരോരുത്തരും ജോലി ചെയ്യുന്ന പരിസരം മനോഹരമാക്കും. ഓഫീസിനു മുന്‍വശത്തുള്ള അഴുക്കുകളും നീക്കി വൃത്തിയാക്കണം. ഓരോ ഓഫീസും മനോഹരമാക്കി സൂക്ഷിക്കുന്നതിന് ജീവനക്കാര്‍ മുന്‍കൈയെടുക്കണം. ശുചീകരണത്തിനു ശേഷം മാലിന്യങ്ങള്‍ ഓഫീസ് പരിസരത്തു നിന്ന് നീക്കം ചെയ്യുകയും വേണം. ശുചീകരണത്തിനായി ആവശ്യമായെ വൊളന്റിയര്‍മാരെയും നിയോഗിക്കും. ഓരോ ദിവസവും വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പേര്‍ എത്തുന്ന സിവില്‍ സ്റ്റേഷനും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ശുചിത്വമുള്ള മനോഹരമായ ഓഫീസ് അന്തരീക്ഷം ഒരുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരികയാണെന്ന് കളക്ടര്‍ അറിയിച്ചു. ഓഫീസുകളിലെ ഫര്‍ണ്ണിച്ചറുകളടക്കമുള്ള പഴയ സാധനങ്ങള്‍ പുനരുപയോഗം സാധ്യമെങ്കില്‍ അവ ഉപയോഗപ്പെടുത്തും. തീര്‍ത്തും ഉപയോഗശൂന്യമായവ ഉപേക്ഷിക്കും. എല്ലാ ഓഫീസുകളിലെയും ക്ലീന്‍ ഡ്രൈവ് പരിശോധിക്കാനും കളക്ടറെത്തും. ഏറ്റവും വൃത്തിയുള്ള ഓഫീസിന് പുരസ്‌കാരം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. മാസ്‌ക്, മാറാല തൂക്കുന്നതിനുള്ള ക്ലീനര്‍ തുടങ്ങി ശുചീകരണത്തിനാവശ്യമായ ഉപകരണങ്ങളും ലഭ്യമാക്കും. ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. സ്പാര്‍ക്ക് ഹാളില്‍ നടന്ന യോഗത്തില്‍ എച്ച്എസ് അനില്‍ കുമാര്‍, എഡിഎം എം.കെ. കബീര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   

date