ക്ലീൻ കൊടുങ്ങല്ലൂർ: ജൈവ മാലിന്യ ഭരണികളുടെ വിതരണം ആരംഭിച്ചു
ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയിലെ എല്ലാ വീടുകളിലേയ്ക്കും നൽകുന്ന ജൈവ മാലിന്യ ഭരണികളുടെ വിതരണം ആരംഭിച്ചു. ജൈവ മാലിന്യം സംസ്‌ക്കരിക്കുന്നതിന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇനി മുതൽ ഈ ഉപകരണം നിർബന്ധമായും സ്ഥാപിക്കണം. ഉപകരണം വാങ്ങുമ്പോൾ സബ്സിഡി കഴിഞ്ഞ് ഓരോ ഗുണഭോക്താവും ഒരു യൂണിറ്റിന് 155 രൂപ മാത്രം നൽകിയാൽ മതി. ഇതോടൊപ്പം സംസ്‌ക്കരണ യൂണിറ്ററിൽ ഇടാനുള്ള ജീവാണു ഇനോക്കുലം 10 കി.ഗ്രാം കൂടി ലഭിക്കും. ആവശ്യമുള്ളവർ നഗരസഭയിൽ ആധാർ കാർഡും റേഷൻ കാർഡുമായി വന്ന് അപേക്ഷയും പണവും നൽകണം.
ആദ്യഘട്ടത്തിൽ 250 യൂണിറ്റുകളാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തിൽ മുഴുവൻ വീടുകൾക്കും വിതരണം ചെയ്യും. ഈ സംവിധാനമില്ലാത്ത വീടുകൾക്ക് നഗരസഭ ആദ്യഘട്ടത്തിൽ നോട്ടീസ് നൽകും. ഇത് കൂടാതെ വീടുകളിൽ നിന്ന് അജൈവ മാലിന്യം നഗരസഭ ഇപ്പോൾ ശേഖരിക്കുന്നുണ്ട്. നഗരസഭയിലെ പരിശീലനം ലഭിച്ച 80 ഹരിത കർമ്മ സേനാംഗങ്ങളാണ് ഇവ ശേഖരിക്കുന്നത്. വീടുകൾ പ്രതിമാസം 50 രൂപയും സ്ഥാപനങ്ങൾ 100 രൂപയുമാണ് നഗരസഭയ്ക്ക് നൽകേണ്ടത്.
കോട്ടപ്പുറം മാർക്കറ്റിലെ ജൈവ മാലിന്യം ശേഖരിച്ച് സംസ്‌ക്കരിച്ച് വളമായി മാറ്റും. ഇതിനായി രണ്ടര ലക്ഷം രൂപ വിലയുള്ള പുതിയ മെഷിനറി വാങ്ങും. ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് നുറുക്കി റീസൈക്ളിങ് ചെയ്യുന്നതിനുള്ള മെഷീനറി സജ്ജമായിട്ടുണ്ട്. വൈദ്യുതി കൂടി ലഭിച്ചാൽ പ്ലാന്റ് പ്രവർത്തനസജജമാകുമെന്നും നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു.
- Log in to post comments