Skip to main content

കോർപ്പറേഷൻ മാലിന്യ സംസ്‌കരണ പദ്ധതിക്ക് ഹൈക്കോടതിയുടെ അംഗീകാരം

കോർപ്പറേഷനിലെ മാലിന്യ സംസ്‌കരണ പദ്ധതിക്ക് ഹൈക്കോടതിയുടെ അംഗീകാരം. നേരത്തെ മലിനീകരണനിയന്ത്രണ ബോർഡ് പിഴയായി ചുമത്തിയ 4.56 കോടി രൂപ അടയ്ക്കാനുള്ള വിധി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണി കുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബഞ്ച് റദ്ദാക്കി. തൃശൂർ കോർപ്പറേഷൻ മാലിന്യ നിർമാർജ്ജന രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ച് കേരള ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി.
ഉറവിടത്തിൽ തന്നെ മാലിന്യം സംസ്‌കരിക്കുക എന്ന പുതിയ നയം മാലിന്യ സംസ്‌കരണതിന്റെ ഭാഗമാക്കിയത് തൃശൂരിന്റെ ശ്രദ്ധേയമായ നേട്ടമാണ്. മുപ്പതിനായിരം വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് ഷ്രഡ് ചെയ്ത് വിൽപ്പന നടത്തി. പ്ലാസ്റ്റിക്കുകൾ പൊടിയാക്കുന്നതിന് നാല് ഷ്രഡിംഗ് മെഷീനുകൾ കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ജൈവമാലിന്യം വളമാക്കുന്നതിന് രണ്ട് ഒഡബ്ല്യസി പ്ലാന്റുകൾ ഇതോടൊപ്പം പ്രവർത്തിക്കുന്നു. എല്ലാ വീടുകളിലെയും ജൈവമാലിന്യം ആ വീടുകളിൽ തന്നെ സംസ്‌ക്കരിക്കുന്നതിന് 12 തരത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു. 20,000 വീടുകളിൽ അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നു.
2019 നവംബർ ഒന്നുമുതൽ എല്ലാവിധ പ്ലാസ്റ്റിക് ക്യാരിബാഗുകളും തൃശൂർ കോർപ്പറേഷൻ പരിധിയിൽ നിരോധിച്ചു. ഇത് മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി. നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പ്രധാനകാരണമായ ഫ്ളാറ്റുകളിലെ മാലിന്യം സംസ്‌കരിക്കുന്നതിന് സ്ഥല പരിമിതിയുടെ പോരായ്മയുണ്ടായി. ഇത് പരിഹരിക്കുന്നതിനായി ഫ്ളാറ്റുകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് വളമാക്കി അവർക്ക് തന്നെ തിരിച്ചു നൽകുന്ന മൊബൈൽ മാലിന്യസംസ്‌കരണ പ്ലാന്റ് നടപ്പിലാക്കി. അജൈവ മാലിന്യം തരംതിരിക്കുന്നതിന് കോർപ്പറേഷൻ പരിധിയിൽ എട്ട് കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി. ശക്തനിൽ കേടായിക്കിടന്നിരുന്ന ഇൻസിനറേറ്റർ, 10 ബയോഗ്യാസ് പ്ലാന്റ് എന്നിവ പ്രവർത്തനക്ഷമമാക്കി. രണ്ട് പുതിയ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു വരുന്നു. മൂന്ന് ലക്ഷം ജനങ്ങളിൽ ശുചിത്വ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു. ഇതിന്റെ ഭാഗമായി മാലിന്യം വലിച്ചെറിയുന്നതിന്റെ അളവ് കുറയ്ക്കാൻ സാധിച്ചതായും കോർപ്പേറഷൻ കോടതിയെ ധരിപ്പിച്ചു. ലാലൂരിൽ കൂട്ടിയിട്ടിരുന്ന ഖരമാലിന്യം ബയോ മൈനിങ് ചെയ്തില്ലെന്ന് ചൂണ്ടികാട്ടിയാണ് കേരള മലിനീകരണനിയന്ത്രണ ബോർഡ് തൃശൂർ കോർപ്പറേഷന് 4.56 കോടി രൂപ പിഴ ചുമത്തിയിരുന്നത്. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്.

date