കടൽക്ഷോഭം : ജനപ്രതിനിധികൾ പ്രദേശങ്ങൾ സന്ദർശിച്ചു
കയ്പമംഗലം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കടലാക്രമണ പ്രദേശങ്ങൾ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അടങ്ങുന്ന ജനപ്രതിനിധി സംഘം സന്ദർശിച്ചു. ജിയോ ബാഗ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമ്മാണം കോവിഡ് പശ്ചാത്തലത്തിൽ വേഗത കുറഞ്ഞുവെങ്കിലും അടിയന്തരമായി നിർമ്മാണം പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയതായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു. വേലിയേറ്റ സമയത്ത് കരയിലേക്ക് വെള്ളം കയറുന്ന സ്ഥിതി തടയാൻ ഊർജ്ജിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ തീരദേശത്തെ എട്ട് വീടുകൾ ഭാഗികമായി തകർന്നു. തീരദേശ റോഡ് ഒലിച്ചു പോയി. എറിയാട്, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ് പഞ്ചായത്തുകളിലായി നിരവധി വീടുകളിൽ വെള്ളം കയറി. എറിയാട് പഞ്ചായത്തിൽ ചന്ത, ആറാട്ടുവഴി, പേബസാർ, മണപ്പാട്ടുച്ചാൽ, അറപ്പ, ചേരമാൻ എടവിലങ്ങ് പഞ്ചായത്തിൽ കാര വാക്കടപ്പുറം, പുതിയ റോഡ് ബീച്ച്, എന്നീ പ്രദേശങ്ങളിൽ ഇപ്പോഴും കടൽക്ഷോഭം രൂക്ഷമാണ്. മതിലകം ഗവ എമ്മാട് സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പും സംഘം സന്ദർശിച്ചു. രണ്ട് കുടുംബങ്ങളിലായി ആറ് പേരാണ് ക്യാമ്പിലുള്ളത്.
എം എൽ എയോടൊപ്പം മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ ജി സുരേന്ദ്രൻ, ശ്രീനാരായണ പുരം പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസർ, എറിയാട് പഞ്ചായത്ത്പ്രസിഡന്റ് പ്രസാദിനി മോഹനൻ, വൈസ് പ്രസിഡൻുമാരായ സുവർണ ജയശങ്കർ, സിദ്ധീഖ്, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.
- Log in to post comments