Skip to main content

എംപിമാരുടെയും~എംഎല്‍എമാരുടെയും ക്രിമിനല്‍ കേസുകള്‍: പ്രത്യേകകോടതി പ്രവര്‍ത്തനമാരംഭിച്ചു.

 

 

കൊച്ചി: എംപിമാരും~എംഎല്‍എമാരുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ വിചാരണയ്ക്കായുള്ള പ്രതേ്യക കോടതി സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. എറണാകുളം ജില്ലാക്കോടതി കെട്ടിടസമുച്ചയത്തിലെ  നാലാം നിലയിലാണ് പ്രത്യേകകോടതി പ്രവര്‍ത്തിക്കുക. കോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ നിര്‍വഹിച്ചു. 

എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ സംസ്ഥാനമൊട്ടാകെ ജൂറിസ്ഡിക്ഷനുള്ള ഈ പ്രതേ്യക കോടതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ അടിസ്ഥാനമില്ലെങ്കില്‍,  കേസില്‍ പെട്ടെന്ന് തീരുമാനമെടുത്ത് ജനപ്രതിനിധികള#ുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന്‍ കോടതിവിധി സഹായകരമാകും. അതുപോലെതന്നെ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ എംപിമാരെയും എംഎല്‍എമാരെയും നിയമനിര്‍മാണ സംവിധാനത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതും സമൂഹത്തിന്റെ ആവശ്യമാണ്. ക്രിമിനലുകള്‍ നിയമനിര്‍മാണത്തിന്റെ ചുമതല വഹിക്കുന്നത് തടയാനും പ്രത്യേക കോടതിയുടെ പ്രവര്‍ത്തനം സഹായിക്കുമെന്ന് ജസ്റ്റിസ് കെ സുരേന്ദ്രമോഹന്‍ പറഞ്ഞു.

ജില്ല & സെഷന്‍സ് ജഡ്ജ് ഡോ. കൗസര്‍ എടപ്പകത്ത് അദ്ധ്യക്ഷനായിരുന്നു. അര്‍ഹമായ സമയത്ത് നീതി ലഭിക്കേണ്ടത് ആവശ്യമാണ്.  വേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കുക എന്നത് നീതിന്യായവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. നീതിന്യായവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം സംരക്ഷിക്കേണ്ടത് നീതിന്യായവ്യവസ്ഥയുടെയും ജനാധിപത്യത്തിന്റെയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് ഭാരതി, പ്രതേ്യകകോടതി പ്രിസൈഡിങ് ഓഫിസര്‍ (അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്) സലീന വി ജി നായര്‍, എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് പി കെ സജീവന്‍, ജില്ലാ ഗവണ്‍മെന്റ് പ്‌ളീഡര്‍ ജി വിജയന്‍, എറണാകുളം സിജെഎം കോടതി ശിരസ്തദാര്‍ എം. ഇ. അലിയാര്‍, അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ. പി. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date