Skip to main content
 ഓണത്തിനൊരുമുറം പച്ചക്കറി ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വ്വഹിക്കുന്നു.

ഓണമുണ്ണാന്‍ വിഷരഹിതമായ പച്ചക്കറി 'ഓണത്തിനൊരുമുറം പച്ചക്കറി' ജില്ലാതല ഉദ്ഘാടനം നടന്നു

ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വിഷമയമായ പച്ചക്കറികള്‍ വിപണികള്‍ കീഴടക്കുമ്പോള്‍ വിഷരഹിതമായ പച്ചക്കറികള്‍ നമുക്ക് വീട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കാം. പച്ചക്കറി ഉല്‍പാദനം സംസ്ഥാനത്ത് സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി വിഷരഹിത പച്ചക്കറികള്‍ വീട്ടുവളപ്പില്‍ ഉല്‍പാദിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കാര്‍ഷികരംഗത്തേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ കൃഷിരീതികള്‍ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. പള്ളിക്കുന്ന് അംബികാ റോഡ് റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് രാജേഷ് ഗോപാലിന് വിത്ത് പായ്ക്കറ്റുകള്‍ കൈമാറിയാണ് പദ്ധതിക്ക്  തുടക്കം കുറിച്ചത്. വളരെ മാതൃകാപരമായ പ്രവര്‍ത്തനമാണിതെന്നും  കാര്‍ഷിക മേഖലയില്‍ അതിശക്തമായ മുന്നേറ്റമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 3 ലക്ഷം പച്ചക്കറി വിത്തുകളും 15 ലക്ഷം പച്ചക്കറി തൈകളുമാണ് വിതരണം ചെയ്യുക. കര്‍ഷകര്‍, കുടുംബശ്രീ, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് കൃഷിഭവന്‍ വഴിയാണ് ഇവ എത്തിക്കുക. മുളക്, തക്കാളി, കത്തിരി,  പടവലം, പാവല്‍ എന്നിവ ഉള്‍പ്പെടുന്ന പായ്കറ്റുകളാണ് നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രമേഷ് ബാബു,  കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ സുരേഷ് നെല്‍സണ്‍ എന്നിവര്‍ പങ്കെടുത്തു

date