ഭക്ഷ്യക്കിറ്റ് വിതരണം ജില്ലാതല ഉദ്ഘാടനം നടത്തി
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന കുട്ടികള്‍ക്കുളള ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുല്ലാട് ബിആര്‍സിയില്‍ നടന്നു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കെ.ഹരിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്. കൃഷ്ണകുമാര്‍ ഭക്ഷ്യ കിറ്റിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.
കോയിപ്രം ഗ്രാമപഞ്ചായത്ത് അംഗം അനില്‍കുമാര്‍, പുല്ലാട് എഇഒ ബി.ആര്. അനില, പുല്ലാട് സപ്ലൈക്കോ മാനേജര്‍ സന്ധ്യ, ഹെഡ്മാസ്റ്റേഴ്സ് ഫോറം കണ്‍വീനര്‍ സി.റ്റി. വിജയാനന്ദന് എന്നിവര്‍ സംസാരിച്ചു.
സപ്ലൈകോയാണ് പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഭക്ഷ്യകിറ്റുകള്‍ സ്കൂളുകളില്‍ എത്തിക്കുന്നത്. പ്രീ-പ്രൈമറി കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് അടുത്ത ഘട്ടങ്ങളിലായി കിറ്റ് വിതരണം ചെയ്യും. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുളള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായ സാമൂഹിക അകലവും പാലിച്ച് 2019-20 അധ്യയനവര്‍ഷം കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ കൈപ്പറ്റാം.
- Log in to post comments