സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു
ജില്ലയിൽ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെട്ട സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മദ്ധ്യവേനൽ അവധിക്കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പാണ് വിതരണം ചെയ്യുന്നത്.
പദ്ധതിയുടെ ജില്ലാതല ഉൽഘാടനം മെഡിക്കൽ കോളജ് കാമ്പസ് ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ പ്രദീപ് കുമാർ എംഎൽഎ നിർവഹിച്ചു. നിലവിൽ പ്രീപ്രൈമറി തലത്തിലെ വിദ്യാർത്ഥികൾക്കുള്ള കിറ്റുകളുടെ വിതരണമാണ് ആരംഭിച്ചത്. ജില്ലയിലെ 2,91,549 വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സപ്ലൈക്കോ മുഖേന സ്‌കൂളുകളിൽ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകൾ സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്എംസി എന്നിവയുടെ മേൽനോട്ടത്തിൽ കൃത്യമായ സാമൂഹ്യ അകലം പാലിച്ചാണ് വിതരണം ചെയ്യുന്നത്.
ചെറുപയർ, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളടങ്ങിയ പലവ്യജ്ഞനങ്ങളും അരിയുമാണ് കിറ്റിലുള്ളത്. തുണിസഞ്ചിയിലാക്കിയാണ് ഇവ നൽകുന്നത്.
വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി മിനി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഖാലിദ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീജ എൻ, നൂൺ ഫീഡിങ് സൂപ്പർവൈസർ ആരിഫ് അഹമ്മദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ പ്രദീപൻ, കോഴിക്കോട് റൂറൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസ് നൂൺ മീൽ ഓഫീസർ വി ഉഷ, പിടിഎ പ്രസിഡന്റ് ജംഷീർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments