Skip to main content

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മഴക്കാലപൂര്‍വ്വ നടപടികള്‍ സ്വീകരിക്കണം: ജില്ലാ കലക്ടര്‍

ജില്ലയില്‍ ജൂലൈ അവസാനവാരത്തോടെയും ഓഗസ്റ്റ്  ആദ്യവാരത്തോടെയും 24 മണിക്കൂറില്‍ 20 മുതല്‍ 30 സെന്റീമീറ്റര്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സൂം മീറ്റിംഗില്‍ അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മഴ മുന്നില്‍ കണ്ട്  വേണ്ട നടപടികളെടുക്കേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. അതോടൊപ്പം എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ആക്ഷന്‍ പ്ലാനിലുള്‍പ്പെടുത്തി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അതത് പരിധിയിലെ തോടുകളുടെ പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുഴകളില്‍ കെട്ടിക്കിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനായി അതത് പഞ്ചായത്തുകള്‍ വികസന ഫണ്ട് ഉപയോഗിച്ച്  നടപടികള്‍ കൈക്കൊള്ളണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഭാരതപ്പുഴയുടെ പരിധിയിലുള്ള പഞ്ചായത്തുകള്‍ വിവിധയിടങ്ങളിലായി കൂടുതല്‍ മണ്ണ് കൂടികിടക്കുന്ന സ്ഥലങ്ങള്‍  പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നീക്കം ചെയ്യണം. നീക്കം ചെയ്ത മണ്ണ് വില്‍പന നടത്തി കിട്ടുന്ന തുക ഈടാക്കി ബാക്കി സര്‍ക്കാറിലേക്ക് അടയ്ക്കാം. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ റോഡ് മാര്‍ഗ്ഗം അതിര്‍ത്തി പ്രദേശം വഴി സംസ്ഥാനത്തേക്ക് ദിനംപ്രതിയെത്തുന്നത്  ആയിരത്തില്‍പ്പരം പേരാണ്.  റോഡുമാര്‍ഗം വരുന്നവര്‍ക്ക്  യാതൊരുവിധ പരിശോധനയും കൂടാതെയാണ്  എത്തുന്നത് ആയതിനാല്‍  കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.  ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മാലിന്യസംസ്‌കരണത്തിന്  ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കുള്ള സുരക്ഷാ സാമഗ്രികള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. കോവിഡ് 19 ന്റെ പഞ്ചാത്തലത്തില്‍ മഴക്കാലവുമായി ബന്ധപ്പെട്ട്   നാല് ക്യാമ്പുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. പ്രായമായവര്‍, പൊതുവായവര്‍, നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗസാധ്യതയുള്ളവര്‍  എന്നിങ്ങനെ നാല് തരത്തിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. കലകടറേറ്റില്‍ നടന്ന സൂം മീറ്റംഗില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, എം.എല്‍.എമാരായ പി.ഉണ്ണി, മുഹമ്മദ് മുഹ്സിന്‍, കെ.ഡി പ്രസേനനന്‍, പി.കെ ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജഗദീഷന്‍, ഡി.എം.ഒ കെ.പി റീത്ത, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date