Skip to main content

കോയിക്കല്‍-കരിക്കോട്, കുണ്ടറ-പള്ളിമുക്ക് റോഡ് വികസനം: സര്‍വേ നടപടികള്‍ നാളെ (ജൂലൈ 13) ആരംഭിക്കും

കോയിക്കല്‍-കരിക്കോട്, കുണ്ടറ-പള്ളിമുക്ക് റോഡ് വികസനത്തിന്റെ ഭാഗമായുള്ള സര്‍വേ നടപടികള്‍ നാളെ (ജൂലൈ 13) ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ദേശീയ പാത 744 ലെ കുണ്ടറ-പള്ളിമുക്ക് മേല്‍പ്പാലം, റെയില്‍വേ ഓവര്‍ ബ്രിഡ്ജ് എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്നതിനായി എം എല്‍ എ ഓഫീസിലും തുടര്‍ന്ന് കിളികൊല്ലൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.     

സ്ഥലം ഏറ്റെടുക്കുമ്പോള്‍ പുനരധിവാസം സാധ്യമല്ലാത്ത വ്യാപാരികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
കരിക്കോട്  ടി കെ എം എന്‍ജിനീയറിങ് കോളേജ് സിവില്‍ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് സര്‍വേ നടത്തുക. റോഡ് വികസനത്തിനായി കിഫ്ബി വഴി 166.85 കോടി രൂപയാണ്  ധനസഹായം. 23 മീറ്റര്‍ വീതിയില്‍  നാലുവരിപ്പാത നിര്‍മിക്കും. 18 മീറ്റര്‍ വീതിയില്‍ മേല്‍പ്പാലവും അതിന് താഴെയായി 5.5 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലും സര്‍വീസ് റോഡുകളും നിര്‍മിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 550 മീറ്ററാണ്  മേല്‍പ്പാലത്തിന്റെ നീളം.
കുണ്ടറയിലെ വ്യാപാരി-വ്യവസായി സംഘടന,  സാമുദായിക സംഘടന,  പൗരസമിതി, പഞ്ചായത്ത്, രാഷ്ട്രീയ പാര്‍ട്ടി എന്നിവയുടെ പ്രധിനിധികള്‍ സര്‍വേ നടപടികള്‍ക്ക് പിന്തുണ അറിയിച്ചു.
കയര്‍ഫെഡ് ബോര്‍ഡ് മെമ്പര്‍ എസ് എല്‍ സജി കുമാര്‍, ദേശീയപാത സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജി ഉണ്ണികൃഷ്ണന്‍,  ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എ ജയ, കരിക്കോട്  ടി കെ എം എന്‍ജിനീയറിങ് കോളേജ് സിവില്‍ വിഭാഗം മേധാവി ഡോ എം സിറാജുദ്ദീന്‍ തുടങ്ങിയവര്‍ കുണ്ടറയിലെ യോഗത്തില്‍ പങ്കെടുത്തു.
മേയര്‍ ഹണി ബെഞ്ചമിന്‍ ചെയര്‍മാനും എം എല്‍ എ മാരായ  എം നൗഷാദ് കണ്‍വീനറും എം മുകേഷ് രക്ഷാധികാരിയും വ്യാപാരി വ്യവസായ ഏകോപന സമിതിയില്‍ നിന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും  രണ്ടുവീതം അംഗങ്ങളും  ഉള്‍പ്പെട്ട കമ്മറ്റി കിളികൊല്ലൂരില്‍ നടന്ന യോഗത്തില്‍ രൂപീകരിച്ചു.  
ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, ദേശീയപാതാ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ജി ഉണ്ണികൃഷ്ണന്‍ നായര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1858/2020)
 

date