പെരിന്തല്‍മണ്ണയില്‍ 210 ലൈഫ് സ്നേഹഭവനങ്ങള്‍ കൈമാറി
പെരിന്തല്‍മണ്ണ നഗരസഭ രജത ജൂബിലി പദ്ധതിയിലുള്‍പ്പെടുത്തി ലൈഫ് - പി.എം.എ.വൈ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച പട്ടികജാതി വിഭാഗക്കാര്‍ക്കായുള്ള 210 സ്നേഹഭവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. 2019 ജനുവരിയില്‍ നിര്‍മാണം ആരംഭിച്ച ആദ്യ ബാച്ചിലെ 210 വീടുകളാണ് പൂര്‍ത്തീകരിച്ച് കൈമാറിയത്. 23 വാര്‍ഡുകളിലായാണ് 210 ഭവനങ്ങള്‍ പൂര്‍ത്തിയായിട്ടുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 15 വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് പദ്ധതിയുടെ താക്കോല്‍ദാനം നടന്നത്. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം 27 വീടുകള്‍ നിര്‍മിച്ചിട്ടുള്ള ആറാം വാര്‍ഡിലെ കാരയില്‍ കോളനിയില്‍ നഗരസഭാ ചെയര്മാന് എം.മുഹമ്മദ് സലിം നിര്‍വഹിച്ചു.
എസ്.സി കോളനികളുടെ സമ്പൂര്‍ണ്ണ നവീകരണം ലക്ഷ്യമിട്ടാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനായി നടത്തിയ സര്‍വേ പ്രകാരം നഗരസഭയിലെ ജനസംഖ്യയില്‍ 10 ശതമാനം വരുന്ന എസ്.സി വിഭാഗത്തിന്റെ 1052 ഭവനങ്ങളില്‍ 486 കുടുംബങ്ങള്‍ തീര്‍ത്തും വാസയോഗ്യമല്ലാത്ത ഭവനമുള്ളവരും 67 കുടുംബങ്ങള്‍ സ്ഥലമുള്ള വീടില്ലാത്തവരും 82 കുടുംബങ്ങള്‍ സ്ഥലവും വീടും ഇല്ലാത്തവരുമാണ്. ഇവരില്‍ വീടും സ്ഥലവുമില്ലാത്ത 82 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയില്‍ നഗരസഭ നിര്‍മിക്കുന്ന ഭവന സമുച്ചയത്തിലെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തു. 486 വാസയോഗ്യമല്ലാത്ത വീടുള്ള കുടുംബാംഗങ്ങളും സ്ഥലമുണ്ടെങ്കിലും വീടില്ലാത്ത 67 കുടുംബങ്ങളും ഉള്‍പ്പെട്ട 553 പേര്‍ക്കാണ് സ്നേഹഭവനം പദ്ധതിയില്‍ വീട് വച്ചു നല്‍കിയത്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നിര്‍മാണം ആരംഭിച്ച 210 വീടുകളാണിപ്പോള്‍ പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ നിര്‍മാണം ആരംഭിച്ച 200 വീടുകള്‍ ഓഗസ്റ്റിലും മൂന്നാം ഘട്ടം ആരംഭിച്ച ബാക്കിയുള്ള 157 വീടുകള്‍ സെപ്തംബറിലും പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറും.
നഗരസഭാ തലത്തില്‍ രൂപീകരിച്ച ഭവന നിര്‍മാണ പ്രൊജക്ട് മാനേജ്മെന്റ് ആന്‍ഡ് സൂപ്പര്‍വൈസിങ് കുടുംബശ്രീ സംരംഭക ഗ്രൂപ്പായ മാലാഖ സൊല്യൂഷനാണ് ഭവനങ്ങളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. ലൈഫ്മിഷന്-പി.എം.എ.വൈ. വിഹിതമായ നാലു ലക്ഷം, തൊഴിലുറപ്പ് വിഹിതമായ 25,000 രൂപ, ശുചിത്വമിഷന് വിഹിതമായ 15,000 രൂപയുള്‍പ്പെടെ 4.40 ലക്ഷം രൂപയാണ് നഗരസഭ ഭവനങ്ങള്‍ക്ക് നല്‍കുന്നത്. 500 സ്ക്വയര്‍ ഫീറ്റിലുള്ള വീടാണ് മാലാഖ സൊല്യൂഷന് നിര്‍മിച്ച് നല്‍കുന്നത്. 600 സ്ക്വയര്‍ വീടാവശ്യമുള്ളവര് ഗുണഭോക്തൃവിഹിതമായ ഒരു ലക്ഷം രൂപ കൂടി സംരംഭക ഗ്രൂപ്പിന് നല്‍കണം.
പരിപാടിയില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ നിഷി അനില്‍ രാജ് ചടങ്ങില്‍ അധ്യക്ഷയായി. താമരത്ത് ഉസ്മാന്, നഗരസഭ സെക്രട്ടറി എസ്. അബ്ദുള്‍ സജിം, പി. എം. എ. വൈ കോഡിനേറ്റര്‍ കെ. സുബിന്, കൗണ്‍സിലര്‍ കീഴ്ശേരി മുസ്തഫ, യു. പി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments