Skip to main content

എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് നൂതന സ്മാര്‍ട്ട് കോഴ്‌സുകളുമായി അസാപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം  (അസാപ്) അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളിലൂടെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കായി  നൂതന കോഴ്‌സുകള്‍ നടത്തുന്നു. എന്‍ജിനിയറിംഗ് വിദ്യാഭ്യാസത്തെ സ്മാര്‍ട്ട് ആക്കാന്‍ നിലവിലെ സിലബസിനോടൊപ്പം അത്യാധുനിക കോഴ്‌സുകള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുകയാണ് അസാപ്. അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റേഴ്‌സ് എന്ന പേരില്‍ സംസ്ഥാനത്തെ വിവിധ എന്‍ജിനിയറിംഗ് പോളിടെക്‌നിക് കോളജുകളിലായി സ്ഥാപിച്ചിരിക്കുന്ന അസാപ് സെന്ററുകളില്‍ കൂടി ആധുനിക കോഴ്‌സുകള്‍ പഠിക്കാം.
അസാപ് ലഭ്യമാക്കുന്ന കോഴ്‌സുകളും വിവരങ്ങളും:  

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡെവലപ്പര്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പറ്റി എന്‍ജിനിയറിംഗ് ബിരുദത്തോടൊപ്പം പഠിക്കാം. ഇന്‍ഡസ്ട്രയിലുള്ള പ്രായോഗിക പഠനം ഉള്‍പ്പടെയുള്ള ഒരു മിശ്രിത പഠനമാണ് ഈ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്‍എസ്‌ക്യുഎഫ് അനുസൃതമായ ലെവല്‍ ഏഴ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സാണ് അസാപിലൂടെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിയുക. മെഷീന്‍ ലേണിംഗിന്റെ അടിസ്ഥാന പാഠങ്ങളും, ഡീപ് ലേണിംഗ്, റീ ഇന്‍ഫോഴ്‌സ്ഡ് ലേണിംഗ് തുടങ്ങിയ കാര്യങ്ങളും ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിയും. കോഴ്‌സില്‍ ജോയിന്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. കോഴ്‌സ് കാലാവധി - 756 മണിക്കൂര്‍.  ബാച്ച് - അഞ്ചാം സെമസ്റ്റര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക്. രജിസ്‌ട്രേഷന്‍ അവസാന തീയതി - ജൂലൈ 27. ഓണ്‍ലൈന്‍ യോഗ്യത പരീക്ഷ തീയതി - ഓഗസ്റ്റ് ഒന്ന്. യോഗ്യതാപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി അര്‍ഹരാവുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഫീസ്  സ്‌കോളര്‍ഷിപ്പായി ലഭിക്കും. ഫീസ് അടയ്ക്കാന്‍ തവണ വ്യവസ്ഥയും ലഭിക്കും.

ക്‌ളൗഡ് കമ്പ്യൂട്ടിങ് കോഴ്‌സുകള്‍

ഗൂഗിള്‍ അസോസിയേറ്റ് ക്‌ളൗഡ് എന്‍ജിനിയര്‍
 ഡാറ്റ സുരക്ഷയ്ക്കും ഡാറ്റ സംഭരണത്തിനും പ്രാധാന്യം നല്‍കുന്ന കോഴ്‌സാണ് ഗൂഗിള്‍ അസോസിയേറ്റ് ക്‌ളൗഡ് എന്‍ജിനിയര്‍. അസാപിലൂടെ ഗൂഗിള്‍ ആയിരിക്കും നേരിട്ട് കോഴ്‌സ് നല്‍കുക. കോഴ്‌സ് കാലാവധി - 48 മണിക്കൂര്‍. ബാച്ച് -ഏഴാം സെമസ്റ്റര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക്.

ക്ലൗഡ് ഫൗണ്ടേഷന്‍

ആമസോണ്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന കോഴ്‌സ്. കോഴ്‌സ് കാലാവധി - 20 മണിക്കൂര്‍. ബാച്ച് - അഞ്ചാം സെമസ്റ്റര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക്.

ക്ലൗഡ് അസോസിയേറ്റ്
ആമസോണ്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന കോഴ്‌സ്. ക്ലൗഡ് ഫൗണ്ടേഷന്‍ വിജയകരമായി പാസാകുന്ന കുട്ടികള്‍ക്കായിരിക്കും ക്ലൗഡ് അസോസിയേറ്റ് കോഴ്‌സ് പഠിക്കാനുള്ള അവസരം. കോഴ്‌സ് കാലാവധി - 40 മണിക്കൂര്‍.

സെയില്‍സ് ഫോഴ്‌സ് മുഖേന ലഭ്യമാക്കുന്ന കോഴ്‌സുകള്‍

സെയില്‍സ് ഫോഴ്‌സ് ഡെവലപ്പര്‍ കോഴ്‌സ്

സെയില്‍സ് ഫോഴ്‌സ് പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തി പുതിയ സോഫ്റ്റ്‌വെയറുകള്‍ എങ്ങനെ ഡെവലപ് ചെയ്യാം എന്ന് വിദ്യാര്‍ഥികള്‍ക്ക് ഈ കോഴ്‌സ് ചെയ്യുന്നതിലൂടെ പഠിക്കാനാവും. കോഴ്‌സ് കാലാവധി - 92 മണിക്കൂര്‍.  

സെയില്‍സ് ഫോഴ്‌സ് അഡ്മിനിസ്‌ട്രേറ്റര്‍

ഡെവലപ് ചെയ്യുന്ന സോഫ്റ്റ്‌വെയറുകള്‍ കൈകാര്യം ചെയ്യാനും അവ നിരീക്ഷിക്കുന്നതിനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പഠിപ്പിക്കുന്നതാണ് സെയില്‍സ് ഫോഴ്‌സ് അഡ്മിനിസ്‌ട്രേറ്റര്‍ കോഴ്‌സ്. കോഴ്‌സ് കാലാവധി - 48 മണിക്കൂര്‍.

റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍

എന്‍ജിനിയറിംഗ് ബിരുദധാരിയായ വിദ്യാര്‍ഥിക്ക് റോബോട്ടിക്‌സ് ഓട്ടോമേഷനില്‍ അധിക നൈപുണ്യം ഉണ്ടെന്നത് നേട്ടവും, തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതുമാണ്. കോഴ്‌സ് കാലാവധി - 42 മണിക്കൂര്‍. ബാച്ച്  -അഞ്ചാം സെമസ്റ്റര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക്.

വെര്‍ച്യുല്‍ റിയാലിറ്റി
ഫേസ്ബുക്ക് സ്‌കൂള്‍ ഓഫ് ഇന്നോവേഷന്‍ ആണ് ഈ കോഴ്‌സ് നല്‍കുന്നത്.
കോഴ്‌സ് കാലാവധി - 60 മണിക്കൂര്‍. കോഴ്‌സ് ഫീ - ആദ്യ ബാച്ചിന് പൂര്‍ണമായും സൗജന്യം. ബാച്ച്  - -അഞ്ചാം സെമസ്റ്റര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക്.

കോഡിങ് സ്‌കില്‍സ്
മാറുന്ന സാങ്കേതിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യരായ ചിന്താശേഷിയും നിലവാരവുമുള്ള എന്‍ജിനിയറിംഗ് ബിരുദധാരികളെ സൃഷ്ടിക്കുക എന്നുള്ളതാണ് കോഡിങ് സ്‌കില്‍സ് മോഡ്യൂളിലൂടെ അസാപ് ലക്ഷ്യമിടുന്നത്. ഡിസൈന്‍ തിങ്കിങ്, അനാലിറ്റിക്കല്‍ തിങ്കിങ്, തുടങ്ങി ഓരോ മാറുന്ന സാഹചര്യത്തിലും ഒരു എന്‍ജിനിയര്‍ ഏത് രീതിയില്‍ ചിന്തിക്കണമെന്നത് ഉള്‍പ്പെടെയുള്ള  പഠനമാണ് കോഡിങ് സ്‌കില്‍സ് മോഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അസാപ് സ്വയം വികസിപ്പിച്ച എന്‍എസ്‌ക്യുഎഫ്  ലെവല്‍ അഞ്ച് കോഴ്‌സാണ് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നത്. കോഴ്‌സ് കാലാവധി - 200 മണിക്കൂര്‍.  

ജനറേറ്റീവ് ഡിസൈന്‍
വിദ്യാര്‍ഥികള്‍ക്ക് ഡിസൈനിംഗില്‍ അടിസ്ഥാന പാഠങ്ങള്‍ പഠിക്കുവാനുള്ള അവസരം ഈ കോഴ്‌സിലൂടെ ലഭിക്കും. കോഴ്‌സ് കാലാവധി - 45 മണിക്കൂര്‍.  
ഇതിന് പുറമെ ടിസിഎസ് അയോണ്‍ നല്‍കുന്ന ഇന്‍ഡസ്ട്രി ഹോണര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ്, ലൈഫ് സ്‌കില്‍ മൊഡ്യൂള്‍ കോഴ്‌സ്,   തുടങ്ങി ആധുനിക സാങ്കേതിക മേഖലയിലെ വിവിധ കോഴ്‌സുകള്‍ ദേശീയ അന്താരാഷ്ട്ര സാങ്കേതിക വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അസാപ് നല്‍കുന്നുണ്ട്.

സ്‌കില്‍ ലോണും സ്‌കോളര്‍ഷിപ്പും

അസാപിലൂടെ എന്‍എസ്‌ക്യുഎഫ്  കോഴ്‌സുകള്‍ പഠിക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് ഫീസ് അടയ്ക്കുന്നതിനായി സ്‌കില്‍ ലോണ്‍ എന്ന പദ്ധതിയുണ്ട്. സാമ്പത്തിക സഹായത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ താത്പര്യമുള്ള കോഴ്‌സും വിവരങ്ങളും അടക്കം ബാങ്കിനെ സമീപിച്ചാല്‍ ഫീസ് അടയ്ക്കുന്നതിനാവശ്യമായ പണം ലോണായി ലഭിക്കും.

പുതിയ കോളജുകള്‍ക്കും അവസരം.

നിലവിലെ 66 എന്‍ജിനിയറിംഗ് കോളജുകള്‍ക്കും 45 പോളിടെക്‌നിക് കോളജുകള്‍ക്കും പുറമെ, അസാപിന്റെ അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കാന്‍ താത്പര്യമുള്ള കോളജുകളില്‍ നിന്ന് നിലവില്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷിക്കുന്ന കോളജുകളില്‍ അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് അവയില്‍ നിന്നും സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന കോളജുകളിലായിരിക്കും പുതിയ സ്‌കില്‍ സെന്ററുകള്‍ സ്ഥാപിക്കുക. ഇത്തരം ആധുനിക  കോഴ്‌സുകള്‍ നടത്താന്‍ സൗകര്യമുള്ള ഏതൊരു കോളജിനും അപേക്ഷകള്‍ സമര്‍പ്പിക്കാം.

കോഴ്‌സുകളെയും അസാപിനെയും അഡ്വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളെയും കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് അസാപിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.asapkerala.gov.in. ഫോണ്‍: 9567058626.

 

date