കോവിഡ് പ്രതിരോധം: പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ യോഗം വിളിച്ചുചേർത്തു
ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് രോഗവ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട വടകര താലൂക്കിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ യോഗം ജില്ലാ കലക്ടർ വീഡിയോ കോൺഫറൻസിലൂടെ വിളിച്ചുചേർത്തു. എംഎൽഎമാരായ സി.കെ.നാണു, ഇ.കെ. വിജയൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. സമ്പർക്ക രോഗവ്യാപനം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട നാദാപുരം തൂണേരി ഗ്രാമപഞ്ചായത്തുകളിലും അനുബന്ധ ഗ്രാമപഞ്ചായത്തുകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് കലക്ടർ നിർദേശിച്ചു. ആന്റിജൻ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ചുരുക്കം ചിലർ സമ്പർക്കം വെളിപ്പെടുത്താത്ത സാഹചര്യം നിലവിലുണ്ട്. ഇത് ആരോഗ്യ പ്രവർത്തകർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. പ്രഥമ സമ്പർക്ക പട്ടികയിൽ പെടുന്നവരെ കണ്ടെത്തി യഥാസമയം ക്വാറന്റൈനിലും ചികിത്സാ കേന്ദ്രത്തിലും പ്രവേശിപ്പിച്ചില്ലെങ്കിൽ രോഗവ്യാപനത്തിന് കാരണമാകും. ആന്റിജൻ ടെസ്റ്റിന് എതിരെ നടത്തുന്ന വ്യാജ പ്രചാരണത്തിൽ നിന്ന് പിന്തിരിയണം. ശാസ്ത്രീയമായി തെളിയിച്ച് അംഗീകരിച്ച ടെസ്റ്റിംഗ് സംവിധാനമാണ് സംസ്ഥാനത്താകെ നടപ്പിലാക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാപകൽ മുഴുകിയിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ മുഴുവൻ പേരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും രാഷ്ട്രീയ സാംസ്കാരിക പരിപാടികളിലും കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം. വടകര കൊപ്ര ബസാറിലും പച്ചക്കറി മാർക്കറ്റിലും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കാൻ നടപടി ഉണ്ടാവണമെന്ന് സി.കെ. നാണു എംഎൽഎ പറഞ്ഞു. ഇതിനു ഫയർഫോഴ്സുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഡ്രൈവർമാർക്ക് വടകരയിലും കോഴിക്കോട് വലിയങ്ങാടിയിലും കോവിഡ് കെയർ സെന്റർ സൗകര്യമൊരുക്കുമെന്നും കലക്ടർ പറഞ്ഞു.
- Log in to post comments