ചളിക്കല്‍ കോളനി പുനരധിവാസം യാഥാര്‍ഥ്യമാവുന്നു ഭവനങ്ങളുടെ താക്കോല്‍ ദാനം ജൂലൈ 21 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
പ്രളയം തകര്‍ത്ത നിലമ്പൂരിലെ ചളിക്കല്‍ കോളനി നിവാസികളുടെ പുനരധിവാസം യാഥാര്‍ഥ്യമാവുന്നു. കോളനിയിലെ കുടുംബങ്ങള്‍ക്ക് ചെമ്പന്‍കൊല്ലി(മലച്ചി)യില്‍ നിര്‍മിച്ച 34 വീടുകളുടെ താക്കോല്‍ ദാനം ജൂലൈ 21ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. പോത്തുകല്ല് ഫാമിലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനാവും.
പട്ടികജാതി -പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍, റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍, എം.പിമാരായ പി.വി അബ്ദുല്‍ വഹാബ്, രാഹുല്‍ ഗാന്ധി, പി.വി അന്‍വര്‍ എം.എല്‍.എ, ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്റ് നെറ്റ് വര്‍ക്ക് ഹെഡ് ജോസ് കെ മാത്യു, ഫെഡറല്‍ ബാങ്ക് സി.എസ്.ആര്‍ ഹെഡ് രാജു ഹോര്‍മിസ് എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, പട്ടികവര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
2019ലെ പ്രളയത്തില്‍ ചാലിയാറിന്റെ പോഷകനദിയായ നീര്‍പ്പുഴ കര കവിഞ്ഞൊഴുകിയാണ് പട്ടികവര്‍ഗ്ഗത്തിലെ പണിയ വിഭാഗത്തില്‍ പെട്ട 34 കുടുംബങ്ങള്‍ താമസിക്കുന്ന പോത്തുകല്ല് പഞ്ചായത്തിലെ ചളിക്കല്‍ കോളനി തകര്‍ന്നത്. ആദിവാസി പുനരധിവാസ വികസന മിഷന്റെ പദ്ധതി പ്രകാരം ജില്ലാ ഭരണകൂടവും പട്ടിക വര്‍ഗ്ഗ വികസനവകുപ്പും എടക്കര വില്ലേജില്‍ ചെമ്പന്‍കൊല്ലി മലച്ചിയില്‍ വാങ്ങിയ 2.1327 ഹെക്ടര്‍ ഭൂമിയിലാണ് ഫെഡറല്‍ ബാങ്ക് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയില്‍ കോളനി നിവാസികള്‍ക്കായി 34 വീടുകള്‍ നിര്‍മിച്ചത്. ഭവന നിര്‍മാണത്തിനായി ഫെഡറല്‍ ബാങ്ക് 2.20 കോടി രൂപയും ഭൂമി വാങ്ങുന്നതിനും വൈദ്യുതീകരണത്തിനും കുടിവെള്ള കണക്ഷനുമായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് 1,72,31,500 രൂപയുമാണ് ചെലവഴിച്ചത്.
ഓരോ കുടുംബത്തിനും 10 സെന്റ് സ്ഥലവും വീടുമാണ് നല്‍കുന്നത്. രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയുമടങ്ങുന്ന വീടുകളില്‍ വൈദ്യുതി കണക്ഷന്‍, പൈപ്പ് കണക്ഷനോടുകൂടിയുള്ള കുടിവെള്ള സൗകര്യം, ചുറ്റുമതില്‍ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പുനരധിവസിപ്പിക്കുന്ന കുടുംബങ്ങളുടെ പൊതു ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കളിസ്ഥലം, ശ്മശാനം, കമ്യൂനിറ്റി ഹാള്‍ എന്നിവയ്ക്ക് ആവശ്യമായ സ്ഥലം പ്രത്യേകമായി മാറ്റി വച്ചിട്ടുണ്ട്.
- Log in to post comments