കണ്ണൂര്‍ അറിയിപ്പുകള്‍ 21-07-2020
മാലിന്യ നിര്‍മാര്‍ജനം; അപേക്ഷ ക്ഷണിച്ചു
കോവിഡ്- 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ മാലിന്യ നിര്‍മാര്‍ജനം നിര്‍വഹിക്കാന്‍ സന്നദ്ധതയുളള ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൈവ- അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനാവശ്യമായ പരിശീലനവും സുരക്ഷാ ഉപകരണങ്ങളും ദിവസവേതനവും നല്‍കുന്നതാണ്. അപേക്ഷ ജൂലൈ 25 നകം ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നല്‍കണം. ഫോണ്‍: 0497 2700078, 9995522133. ഇമെയില്‍: sbmkannur@gmail.com.
സാക്ഷരത മിഷന്‍ ക്ലാസുകള്‍
ഓണ്‍ലൈനായി
സാക്ഷരത മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. ഓണ്‍ലൈന്‍ ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. ഓരോ സ്‌കൂളുകളിലുമുള്ള സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ അധ്യാപകരെയും പഠിതാക്കളെയും ഉള്‍പ്പെടുത്തി വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ആരംഭിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാന സാക്ഷരത മിഷന്റെ യൂട്യൂബ് ചാനലായ 'അക്ഷരം' ചാനല്‍ വഴിയാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. നിലവില്‍ ജില്ലയില്‍ പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സില്‍ 6670 പഠിതാക്കളുണ്ട്.
വിചാരണ മാറ്റി
കലക്ടറേറ്റില്‍ ജൂലൈ 22 ബുധനാഴ്ച നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകളുടെ വിചാരണ സപ്തംബര്‍ 23 ലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
പേര് തിരുത്താന്‍ അവസരം
മാര്‍ച്ചില്‍ പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ ജനന തീയതി, മാതാപിതാക്കളുടെ പേര് എന്നിവയില്‍ തിരുത്തല്‍ ആവശ്യമുള്ളവര്‍ക്ക് സ്‌കോള്‍ കേരള മുഖേന സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നതിന് മുമ്പായി അപേക്ഷിക്കാം. എസ് എസ് എല്‍ സി/സെക്കണ്ടറി യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ഒത്തുനോക്കിയ ശേഷം തിരുത്തുന്നതിനാവശ്യമായ രേഖകള്‍ സഹിതം ജൂലൈ 24 നകം scolekerala@gmail.com ലേക്ക് അപേക്ഷ അയക്കണം. ഫോണ്‍: 0471 2342950, 2342271, 2342369.
വിമുക്ത ഭടന്‍മാരെ ആവശ്യമുണ്ട്
ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് സെക്യൂരിറ്റി ഡ്യൂട്ടിക്കായി ദിവസവേതനാടിസ്ഥാനത്തില്‍ വിമുക്ത ഭടന്‍മാരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ജൂലൈ 22 ബുധനാഴ്ച ഉച്ചയ്ക്ക് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2700069.
ഭരണാനുമതി ലഭിച്ചു
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖാന്തിരം നല്‍കിയ കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
വലിയന്നൂര്‍ വില്ലേജ് ഓഫീസ് - നോര്‍ത്ത് യു പി സ്‌കൂള്‍ റോഡ് - 40 ലക്ഷം, മാച്ചേരി പഞ്ചായത്ത് കിണര്‍ - യു പി സ്‌കൂള്‍ നുച്ചിലോട് റോഡ് - 20 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
ഇ ടെണ്ടര്‍
ഇരിട്ടി താലൂക്കിലെ കോളാരി വില്ലേജിലെ മൂന്ന് ഏക്കര്‍ റവന്യൂ ഭൂമിയിലുള്ള 84 മരങ്ങള്‍ മുറിച്ച് ശേഖരിച്ച് കൊണ്ടുപോകുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 24 ന് വൈകിട്ട് ആറ് മണി വരെ വെബ്‌സൈറ്റില്‍ ദര്‍ഘാസ് സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ www.etenders.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0497 2700645.
ഇന്‍സ്ട്രക്ടര്‍; അഭിമുഖം 23 ന്
കണ്ണപുരം ഗവ.കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ വര്‍ഷം ഉണ്ടാകാനിടയുള്ള താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നതിനുള്ള അഭിമുഖം ജൂലൈ 23 ന് രാവിലെ ഒമ്പത് മണിക്ക് സ്ഥാപനത്തില്‍ നടക്കും. ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ്/വേര്‍ഡ് പ്രൊസസിംഗ് ഉള്‍പ്പെടെയുള്ള ഡിപ്ലോമ ഇന്‍ ഷോര്‍ട്ട്ഹാന്റ് ആന്റ് ടൈപ്പ്‌റൈറ്റിംഗും ബി കോം ബിരുദവും ടാലി/ഡി ടി പി ഉള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പ്രവൃത്തി പരിചയം ഉള്‍പ്പെടെയുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0497 2861819.
പഠനമുറി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
പാനൂര്‍ ബ്ലോക്ക്, തലശ്ശേരി ബ്ലോക്ക്, പാനൂര്‍ മുനിസിപ്പാലിറ്റി , തലശ്ശേരി മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന എട്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ്സു വരെ സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മ്മാണത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുന്നു. 800 സ്‌ക്വയര്‍ ഫീറ്റ് വരെ മാത്രം വിസ്തീര്‍ണമുള്ള വീടുകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോറവും, വിശദ വിവരങ്ങളും പാനൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8547630025
- Log in to post comments