Skip to main content

പാലിയേറ്റീവ് കെയര്‍: വയോജനങ്ങള്‍ക്കും, ഗുരുതര രോഗികള്‍ക്കും സ്വാന്തനമായി ചെങ്ങന്നൂര്‍ ബ്ലോക്ക്

ആലപ്പുഴ: വയോജനങ്ങള്‍, കിടപ്പുരോഗികള്‍, ഗുരുതരോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക്് മികച്ച രീതിയില്‍ പാലിയേറ്റിവ് സേവനങ്ങള്‍ എത്തിക്കാന്‍ പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുത്ത് ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്. പഞ്ചായത്തിന്റെ തനത് പദ്ധതിയായ 'പാലിയേറ്റീവ് കെയര്‍ പദ്ധതി 'വഴി തുക വിലയിരുത്തിയാണ് പുതിയ മൂന്ന് പദ്ധതികള്‍ കൂടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സെക്കണ്ടറി പാലിയേറ്റീവ് കെയര്‍, വയോജന പരിപാലനം, അരികെ തുടങ്ങിയ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നത്.

ബ്ലോക്ക് പഞ്ചായത്തിലും പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലുമായി മികച്ച പ്രവര്‍ത്തനങ്ങളാണ് സ്വാന്തന പരിപാലന രംഗത്ത് നടക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും സെക്കന്ററി പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എട്ട് ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് സെക്കണ്ടറി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത്. സെക്കണ്ടറി പാലിയേറ്റീവ് സെന്ററുകള്‍ വഴിയും, പാണ്ടനാട് പ്രാഥമികാരോഗ്യകേന്ദ്രം വഴിയും എല്ലാ വ്യാഴാഴ്ചകളിലും ഡയാലിസിസ് കിറ്റ് വിതരണം, മരുന്ന് വിതരണം, ഇഞ്ചക്ഷന്‍ എന്നിവ നല്‍കി വരുന്നു. കോവിഡ് സാഹചര്യത്തില്‍ അതാത് പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രം വഴിയാണ് ഇപ്പോള്‍ ഡയാലിസിസ് കിറ്റ് വിതരണവും, മരുന്ന് വിതരണവും, നടക്കുന്നത്. 140 ഡയാലിസിസ് രോഗികളാണ് ബ്ലോക്ക് പരിധിയിലുള്ളത്.

വയോജന സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ വകയിരുത്തി വയോജന പരിപാലന പദ്ധതി രൂപീകരിച്ചത്. വയോജന പരിപാലന കേന്ദ്രത്തില്‍ അഗതികളായ 22 വൃദ്ധജനങ്ങളാണുള്ളത്. ഇവര്‍ക്കുള്ള പരിപാലനവും ജീവന്‍ രക്ഷാമരുന്നുകളും ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനവും നല്‍കി വരുന്നു.

ഹോം നഴ്‌സ് സേവനങ്ങള്‍ കിടപ്പു രോഗികളിലേക്ക് എത്തിക്കുന്നതിനും കൂടുതല്‍ സുരക്ഷതമാക്കാനും രൂപംകൊടുത്ത പദ്ധതിയാണ് അരികെ. പ്രത്യേകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നഴ്‌സുമാരെ ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി. ഹോം നഴ്‌സുമാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും, ക്ലെയിമും ലഭിക്കും. അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ 'ദിശ' എന്ന മൊബൈല്‍ ആപ്പിലൂടെ കൂടുതല്‍ സുഗമമാക്കാന്‍ ഒരുങ്ങുകയാണ് ബ്ലോക്ക് പഞ്ചായത്ത്. മൊബൈല്‍ ആപ്പിലൂടെ സ്വാന്തന പരിപാലനം ആവശ്യമുള്ള രോഗികളുടെ വിവരങ്ങള്‍ ലഭിക്കും.
പുതിയ പദ്ധതിയിലൂടെ സ്വാന്തന സേവനങ്ങള്‍ ഗുണഭോക്താകളിലേക്കെത്തിക്കാന്‍ കഴിയുമെന്നും, ദിശ മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കുമെന്നും പാണ്ടനാട് പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്‌കുമാര്‍ പറഞ്ഞു.
 

date